
'ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ്.എൻ. ട്രസ്റ്റിന്റെ സംഭാവന" എന്ന ലേഖനം (ജൂലായ് 29) ശ്രദ്ധേയമായി. എസ്.എൻ. ട്രസ്റ്റിന്റെ തുടക്കം മുതൽ ഇതുവരെയുള്ള വിദ്യാഭ്യാസ മേഖലയിലെ അഭിമാനകരമായ വളർച്ചയുടെ ചരിത്രമാണ് ഈ ലേഖനത്തിലുള്ളത്. മഹാരഥന്മാരുടെ ത്യാഗോജ്ജ്വലമായ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണ് ഇന്നീക്കാണുന്ന നേട്ടങ്ങളെല്ലാം.
ഒരു സമുദായത്തിന്റെ പുരോഗതി നിർണയിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിച്ചാണ്. എസ്.എൻ. ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന ശ്രീ. ആർ. ശങ്കറിന്റെ കാലഘട്ടത്തിൽ എസ്.എൻ. ട്രസ്റ്റിന് 13 കോളേജുകളും 3 സ്കൂളുകളും ഒരു ആശുപത്രിയും സ്ഥാപിക്കാൻ കഴിഞ്ഞു. പി.എസ്. കാർത്തികേയൻ സെക്രട്ടറിയായിരുന്നു കാലത്ത് 5 കോളേജുകൾ സ്ഥാപിച്ചു.
1996ൽ സെക്രട്ടറി പദം ഏറ്റെടുത്ത ശ്രീ. വെള്ളാപ്പള്ളി നടേശന്റെ 24 വർഷത്തെ തുടർച്ചയായ ഭരണത്തിൻ കീഴിൽ 16 കോളേജുകൾ, 17 സ്കൂളുകൾ, 2 ആശുപത്രികൾ എന്നിവ സ്ഥാപിക്കാനായത് അസൂയാർഹമായ ഒരു നേട്ടം തന്നെയാണ്.
ബാബുസേനൻ അരീക്കര
ചെങ്ങന്നൂർ
എന്തും വിളിച്ചു കൂവുന്നതാണോ
ജനാധിപത്യ സംസ്കാരം?
സ്വർണക്കടത്തിന്റെ പേരിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി അരങ്ങ് തകർക്കുകയാണ്. ചാനൽ ചർച്ചകളിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ രാജഹംസങ്ങളെപോലെ അണിനിരന്ന് ശരിയുടെയും തെറ്റിന്റെയും ദൂരം ഇഴകീറി പരിശോധിച്ചുകൊണ്ടുള്ള ചർച്ചകൾ പൊടിപൊടിക്കുന്നു. നേതാക്കളുടെ അമിതാവേശം കണ്ട് പാവം ജനങ്ങൾ അന്ധാളിച്ചുനിൽക്കുന്നു. ദേശസുരക്ഷയെ ബാധിക്കുന്നതും അന്താരാഷ്ട്ര വ്യാപ്തിയുമുള്ള സ്വർണക്കടത്തിനെ വളരെ ലാഘവത്തോടെയാണ് നമ്മുടെ നേതാക്കൾ രാഷ്ട്രീയാതിപ്രസരം തുളുമ്പുന്ന ഭൂതക്കണ്ണാടികളിലൂടെ നോക്കിക്കാണുന്നത്. രാജ്യസുരക്ഷയ്ക്ക് ഉപരി വെറും സങ്കുചിത രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള പുകമറ സൃഷ്ടിക്കലാണ് സമൂഹത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യം എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യമായി അധഃപതിക്കുമ്പോൾ അപകടത്തിലാകുന്നത് ജനാധിപത്യ മൂല്യങ്ങളാണ്.
എം. രവീന്ദ്രൻ
മിനി നിവാസ്,
മണമ്പൂർ.