malinyangal-thalliya-nila

കല്ലമ്പലം: ഹരിതസേനകളുടെ പ്രവർത്തനം നിലച്ചു: കുന്നുകൂടി പ്ലാസ്റ്റിക് മാലിന്യങ്ങൾ. പാതയോരങ്ങളിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റാനായി പ്രാദേശിക ഭരണകൂടങ്ങൾ ഹരിത സേനകൾ വഴി നടപ്പാക്കിയ പദ്ധതികൾ കൊവിഡ് ഭീതിയിൽ നിലച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ട സേനാംഗങ്ങൾ നീരിഷണത്തിലായതാണ് പദ്ധതി പരാജയപ്പെടാൻ കാരണം.

മാലിന്യക്കൂമ്പാരം ഒഴിവാക്കാൻ പലരും പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ കത്തിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.

പള്ളിക്കൽ പഞ്ചായത്തിൽ സമഗ്ര പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം ലക്ഷ്യമിട്ട് എല്ലാ വാർഡുകളിലും സ്ഥാപിച്ച മാലിന്യ സംഭരണികളുടെ പ്രവർത്തനവും അവതാളത്തിലാണ്. രാത്രിയുടെ മറവിൽ സംഭരണികളിൽ തള്ളുന്ന അറവുമാലിന്യങ്ങളും മറ്റു ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. സംഭരണികളുടെ ജോലി ഏറ്റെടുത്ത കരാറുകാരൻ പണി തീർക്കാത്തതാണ് ഇതിനു കാരണമായി അധികൃതർ നൽകുന്ന വിശദീകരണം.

വീടുകളിലും കടകളിലും നിന്നും പുറംതള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അതത് വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംഭരണികളിൽ തള്ളുന്നതായിരുന്നു പദ്ധതി. ഇവിടെനിന്നും ഹരിത കർമ്മ സേനയുടെ പ്രവർത്തകർ ശേഖരിച്ച് കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് നടപ്പാക്കിയ പ്ലാസ്റ്റിക് നിർമ്മാർജന യൂണിറ്റിലെത്തിക്കും.

പലസ്ഥലത്തും സംഭരണി സ്ഥാപിച്ചതല്ലാതെ ഇതിന്റെ വാതിൽ തുറക്കാനുള്ള സൗകര്യങ്ങളോ ഇത് സംബന്ധിച്ച് അറിയിപ്പുകളോ നാട്ടുകാർക്കും വ്യാപാരികൾക്കും ലഭിച്ചിട്ടില്ല. സംഭരണികളിൽ ബോർഡുപോലും തൂക്കാനുള്ള നടപടികളായിട്ടില്ല. സംഭരണിക്ക് ചുറ്റും ചാക്കിൽ കെട്ടിയ വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് നിത്യവും തള്ളുന്നത്. സമീപവാസികളും യാത്രക്കാരും ദുർഗന്ധം കാരണം ബുദ്ധിമുട്ടുകയാണ്. പനപ്പള്ളി ദേവീക്ഷേത്രത്തിനടുത്ത് മരമടിക്ക് പേരുകേട്ട പനപ്പള്ളി ഏലായ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സംഭരണി ദുർഗന്ധത്തിന്റെ ഫാക്ടറിയായെന്നാണ് ആരോപണം.

സംഭരണികളിൽ നിന്ന് മാലിന്യം കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ കൊണ്ടുതള്ളിയതും കത്തിക്കാൻ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബന്ധപ്പെട്ടവർക്ക് പരാതി നൽകി.