കവികൾ ക്രാന്തദർശികളാണ്. ഡെന്മാർക്കിലെ പോലെ സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിലും എന്തോ ചീഞ്ഞുനാറുന്നുവെന്ന് ജന്മനാ കവിയായ ജി.സു.മന്ത്രി ദീർഘദർശനം ചെയ്തത് അതുകൊണ്ടായിരുന്നു. അദ്ദേഹം ജനിച്ചതേ കേകയും ചൊല്ലിയായിരുന്നല്ലോ. 'മന്താക്രാന്ത മഭന തഥഗം, നാലുമാറേഴു മായ് ഗം...' എന്ന് ദൂരെ നിന്നേതോ മലയാളവിദ്വാൻ മൂളുന്നത് കേട്ടപാടേ തൊട്ടിലിൽ കിടന്ന് മന്താക്രാന്ത വൃത്തത്തിൽ താരാട്ടൊപ്പിച്ച വിദ്വാനാണ്. പിറന്നുവീണ് ആറ് മാസം തികയും മുമ്പായിരുന്നു അത്. പൂച്ച, ആരാണ് നീ ഒബാമ എന്ന് തുടങ്ങി എണ്ണിപ്പറഞ്ഞ കവിതകൾ പിൽക്കാലത്ത് ആ ഹൃദയത്തിൽ നിന്ന് പിറന്നുവീണതിൽ അതുകൊണ്ടാരും അദ്ഭുതം കൊള്ളാറില്ല.
അങ്ങനെയുള്ള കവിക്ക് നോർത്ത് ബ്ലോക്കിൽ ചീഞ്ഞുനാറുന്ന ഉറവിടം കണ്ടെത്താൻ പ്രയാസമുണ്ടെന്ന് ആരും പറയില്ല. ആ നാസാരന്ധ്രത്തിന്റെ ശക്തിയൊന്ന് വേറെയാണ്. കവികൾ സാർവ്വഭൗമന്മാരാണ്. അവർക്ക് മാത്രം സിദ്ധിച്ചതാണാ ശക്തിയെന്ന് പിണറായി സഖാവിനറിയാം. അതുകൊണ്ട് പിണറായി സഖാവ് ആ ശക്തി തിരിച്ചറിഞ്ഞേ പെരുമാറാറ് പതിവുള്ളൂ. ഐസക് സഖാവ് അങ്ങനെയല്ല. ആ ശക്തി വെറും വ്യാജനാണെന്ന് വിശ്വസിച്ചുറപ്പിച്ച ജൂബ്ബാത്താടിയാണ് അദ്ദേഹം. അതവിടെ നിൽക്കട്ടെ.
നോർത്ത് ബ്ലോക്കിന്റെ നാലാമത്തെ നിലയിൽ ശിവശങ്കരൻ ഇരുന്നിരുന്ന മൂലയിലായിരുന്നു ദുർഗന്ധത്തിന്റെ ഉറവിടം എന്ന് ദുർഗന്ധത്തിന്റെ വരവറിഞ്ഞ മാത്രയിൽ തന്നെ ജി.സു.സഖാവ് തിരിച്ചറിഞ്ഞതായിരുന്നു. ഓരോന്നും വിളമ്പുന്നത് നേരത്തിനും കാലത്തിനും ഒപ്പിച്ചായില്ലെങ്കിൽ താളഭംഗം സംഭവിക്കും എന്നറിയാവുന്നതിനാൽ ജി.സു.മന്ത്രി അന്നൊന്നും ഈ ദുർഗന്ധത്തെ പറ്റി ആരോടും ഒന്നും പറയുകയുണ്ടായില്ല. ഉപജാപകസംഘക്കാരായ മാദ്ധ്യമസംഘങ്ങളെ നാല് കൊല്ലക്കാലം അപൂർവ്വമായിട്ടേ ജി.സു.മന്ത്രി കണ്ടിട്ടുള്ളൂ. അധികം കാണാതിരിക്കാൻ കാരണം തന്നെ മേല്പറഞ്ഞ ദുർഗന്ധത്തെപ്പറ്റി ഇവറ്റകളോട് പറഞ്ഞ് പോയാലോ എന്ന ശങ്ക കൊണ്ടാണ്. മാദ്ധ്യമക്കാരോട് ഉള്ളിലുള്ളത് തുറന്ന് പറയുന്നത് ജി.സു.മന്ത്രിയുടെ ശീലമായതിനാൽ ഈയൊരു ശങ്ക ഒരിക്കലും അസ്ഥാനത്തല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
നോർത്ത് ബ്ലോക്കിലെ ദുർഗന്ധത്തിന്റെ ഉറവിടത്തെപ്പറ്റി ഇക്കഴിഞ്ഞ ദിവസം ജി.സു.മന്ത്രി തുറന്ന് പറയുകയുണ്ടായി. പറയാൻ കാലമായി എന്ന് തിരിച്ചറിഞ്ഞ മാത്രയിലായിരുന്നു ആ വെളിപ്പെടുത്തൽ. നാലാം നിലയിലെ ദുർഗന്ധം പുറപ്പെട്ടിടത്ത് ഇപ്പോൾ വൈറസിനെ നീക്കി ശുദ്ധികലശം നടത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം കൂടിയാണ് ജി.സു. സഖാവ് അത് തുറന്നുപറഞ്ഞത്. അതുറപ്പാക്കണമല്ലോ.
ശിവശങ്കരൻ ആയിരുന്നു ആ ദുർഗന്ധം എന്നാണ് പൊതുസമൂഹമിപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. വിശ്വാസവഞ്ചകനാണ് ശിവശങ്കരൻ എന്ന് ജി.സു.മന്ത്രി പറയുന്നു. അതിൽ അവിശ്വസിക്കേണ്ടതില്ല. ദുർഗന്ധം അവിടെ നിന്നങ്ങോട്ടേക്ക് കൂടുതൽ വ്യാപിച്ചിട്ടില്ല എന്ന് സൂക്ഷ്മപരിശോധനയിലൂടെ ബോദ്ധ്യപ്പെട്ട കവിമന്ത്രി അതും തുറന്ന് പറഞ്ഞിട്ടുണ്ട്. ദുർഗന്ധത്തെ അവിടെ വച്ച് തന്നെ നീക്കിയിട്ടുണ്ട്. ഇനിയങ്ങോട്ട് പരക്കുന്നത് സുഗന്ധം മാത്രമാണെന്നാണ് കവിമന്ത്രി തിരിച്ചറിയുന്നത്.
നോർത്ത് ബ്ലോക്കിലെ ഒന്നാമത്തെ നിലയിലിരുന്നാണ് കവിമന്ത്രി ഇത്രയും ദീർഘദർശനം ചെയ്തത് എന്നത് ചെറിയ കാര്യമല്ല. ഇനി ലോകത്തുള്ള ഏത് അന്വേഷണ ഏജൻസി വന്നാലും സുഗന്ധത്താൽ വശീകരിക്കപ്പെട്ട് പോകുമെന്ന് കവിമന്ത്രിക്ക് തീർച്ചയുണ്ട്. അതങ്ങനെയേ ആയിരിക്കാൻ വഴിയുള്ളൂ.
കവിമന്ത്രി അങ്ങനെയിങ്ങനെയൊന്നും കേറിപ്പറയുന്ന ആളല്ലെന്ന് നേരത്തേ പറഞ്ഞല്ലോ. അതുകൊണ്ട് ദുർഗന്ധം മറ്രെങ്ങോട്ടേക്കും പടർന്നുപോയിട്ടില്ലെന്ന് നമുക്ക് ആശ്വസിക്കുകയല്ലാതെ നിവൃത്തിയില്ല.
........................
- ശിവശങ്കരനെ ഇനി ദുർഗുണ പരിഹാര പാഠശാലയിലേക്ക് പറഞ്ഞുവിടേണ്ടി വരുമോ? മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരിക്കെ സദ്ഗുണ സമ്പന്നനായിരുന്ന ശിവശങ്കരനിപ്പോൾ ആളത്ര കേമനല്ലെന്നാണ് പിണറായി സഖാവിന്റെ കാവൽപടയാളികളെല്ലാം പറയുന്നത്. വിശ്വാസവഞ്ചകനാണ് ശിവശങ്കരനെന്ന് ജി.സു.സഖാവിനും കടകംപള്ളി സഖാവിനും തീർച്ചമൂർച്ചയുണ്ട്. ഇത്തിൾകണ്ണിയെന്ന് ബാലൻമന്ത്രി നിരീക്ഷിക്കുന്നു. ഇത്തിൾകണ്ണികളുടെ ഒരു പ്രശ്നമെന്ന് പറയുന്നത്, വളർത്തിയ വൃക്ഷത്തെ ചോരയും നീരും ഊറ്റിക്കുടിച്ച്, അതിനെയപ്പാടെയങ്ങ് കരിച്ചുകളയും എന്നതാണ്. ശിവശങ്കരനിത്തിൾകണ്ണിയെ വളർത്തിയ വൃക്ഷം പിണറായി സഖാവായിപ്പോയ സ്ഥിതിക്ക്, പിണറായി സഖാവിന്റെ വേര് ചീയ്യാതിരിക്കാനാവശ്യമായ ചില ഔഷധക്കൂട്ടുകൾ എത്രയും പെട്ടെന്ന് ഒരുക്കുന്നത് എന്തുകൊണ്ടും അഭികാമ്യമായിരിക്കും. ഒന്നാമത്, കൊവിഡ് മഹാമാരിയുടെ കാലവുമാണ്. ഒന്ന് സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്!
ഇ-മെയിൽ: dronar.keralakaumudi@gmail.com