ഭാര്യ ദിവ്യയുടെ പാട്ട് റെക്കാഡ് ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് വിനീത് ശ്രീനിവാസൻ. നടൻ, ഗായകൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തിളങ്ങിയ താരം ആദ്യമായാണ് ഭാര്യയുടെ പാട്ടിന്റെ വീഡിയോ റെക്കാഡ് പങ്കുവയ്ക്കുന്നത്. പതിനാറ് വർഷം അവൾക്കൊപ്പം ഉണ്ടായിരുന്നിട്ടും ആദ്യമായാണ് പാടുന്നതിന്റെ വീഡിയോ റെക്കാഡ് ചെയ്യാൻ അനുവദിച്ചതെന്നും വിനീത് പറയുന്നു.
"അവൾക്കൊപം പതിനാറു വർഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവളുടെ പാടുന്ന വീഡിയോ റെക്കാഡ് ചെയ്യാൻ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ് " എന്ന ക്യാപ്ഷനോടെയാണ് ദിവ്യ പാടുന്നത് വിനീത് പങ്കുവച്ചിരിക്കുന്നത്. ദിവ്യയെ അതിനു സമ്മതിപ്പിക്കാൻ തന്നെ സഹായിച്ച സുഹൃത്തുക്കൾക്കും ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിനീത് നന്ദി അറിയിച്ചിട്ടുണ്ട്.
അവതാരം എന്ന തമിഴ് ചിത്രത്തിലെ 'തെൻട്രൻ വന്ത് തീണ്ടും പോത്..' എന്ന ഗാനമാണ് ദിവ്യ പാടുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2012 ഒക്ടോബർ 8നാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. 2017ൽ ഇവർക്ക് മകൻ ജനിച്ചു. വിഹാൻ എന്നാണ് മകന്റെ പേര്. 2019ൽ ഒരു മകളും ജനിച്ചു. ഷനായ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. ഭാര്യക്കും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ വിനീത് പങ്കുവയ്ക്കാറുണ്ട്. ഹൃദയം ആണ് വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.