ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി ശ്രീകുമാർ പെരുങ്ങുഴിയെ വീണ്ടും നിയമിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2019 സെപ്തംബർ 29 ന് നടന്ന ക്ഷേത്രോപദേശക സമിതി തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ശ്രീകുമാർ പെരുങ്ങുഴിയെ ഐകകണ്ഠേന തിരഞ്ഞെടുത്തിരുന്നെങ്കിലും ചിലർ ദേവസ്വം ബോർഡിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു മാസങ്ങൾക്കു ശേഷം തത്‌സ്ഥാനത്തു നിന്നു നീക്കം ചെയ്യുകയായിരുന്നു. ഭരണസമിതി അംഗങ്ങളുടെ യോഗം വീണ്ടും ചേർന്ന് മറ്റൊരാളെ പ്രസിഡന്റായി തിരഞ്ഞെടുക്കാൻ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്നു കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായിരുന്ന എസ്. വിജയകുമാറിനെ പ്രസിഡന്റാക്കി ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു. ദേവസ്വം ബൈലാ പ്രകാരം പൊതുതിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളെ കാരണം കാണിക്കാതെ പുറത്താക്കിയ തിരുവിതാംകൂർ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവിനെതിരെ ശ്രീകുമാർ പെരുങ്ങുഴി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് വിമലിന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത ഉപദേശക സമിതി യോഗത്തിൽ ശ്രീകുമാർ പെരുങ്ങുഴി പ്രസിഡന്റായി ചുമതലയേറ്റു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയൻ സെക്രട്ടറിയായ ശ്രീകുമാർ പെരുങ്ങുഴി നിലവിൽ ശാർക്കര ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റ് സെക്രട്ടറിയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ജനറൽ കൺവീനറുമാണ്.