കണ്ണുകൾക്ക് ഹിതമായുള്ള സൗവീരം എന്ന അഞ്ജനം പതിവായി കണ്ണിലെഴുതുന്നത് നല്ലതാണ്. ഇതിലൂടെ കണ്ണുകൾ നല്ല തെളിച്ചമുള്ളതാകുകയും ഇടതൂർന്ന ഇമകളോടുകൂടി, നിർമ്മലവും, മനോഹരവും സൂക്ഷ്മമായ ദർശന ശക്തിയുള്ളതുമായി തീരുന്നു.
കണ്ണ് അഗ്നിഗുണഭൂയിഷ്ഠമായതാണ്. അതുകൊണ്ട് കണ്ണിൽ കഫകോപമുണ്ടാകാനെളുപ്പമുണ്ട്. അതിനാൽ എഴു ദിവസം കൂടുമ്പോൾ, കണ്ണിൽ രസാഞ്ജനം എഴുതി, കഫത്തെ സ്രവിപ്പിച്ച് കളയണം.
മരമഞ്ഞൾത്തൊലി ആട്ടിൻപാൽ ചേർത്ത് കഷായംവച്ച് കുറുക്കി എടുത്താണ് രസാഞ്ജനം ഉണ്ടാക്കുന്നത്. രസാഞ്ജനത്തിന് പകരമായി ആഴ്ചയിലൊരിക്കൽ ഇളനീർ കുഴമ്പ് എഴുതാവുന്നതാണ്.
പഞ്ചമഹാഭൂതങ്ങളിൽ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) അഗ്നിയുടെ ഗുണമാണ് രൂപം. അഗ്നിഗുണഭൂയിഷ്ഠമായ ഇന്ദ്രിയം - കണ്ണ്.
കണ്ണ് ശിരസ്സിലുള്ള അംഗമാണ്. ശിരസ്സ് കഫത്തിന്റെ സ്ഥാനമാണ്. (പഞ്ചമഹാഭൂതങ്ങളിൽ ഭൂമി, ജലം എന്നിവ ചേർന്നതാണ് കഫം.) അഗ്നിഗുണഭൂയിഷ്ഠമായ കണ്ണിന് ജലഗുണമായ കഫത്തിൽ നിന്ന് ഉപദ്രവമുണ്ടാകുന്നത് അതുകൊണ്ടാണ്.
മൂക്കിലൂടെ ഔഷധം പ്രയോഗിക്കുന്നതിനെയാണ് നസ്യം എന്നുപറയുന്നത്. പതിവായി നസ്യം ചെയ്യുന്നവർ ബലമുള്ള കഴുത്ത്, ചുമൽ ഇവയോടും മനോഹരമായ മുഖചർമ്മത്തോടും, ഉറപ്പുള്ള ഇന്ദ്രിയങ്ങളോടും കൂടിയവരും,നരയില്ലാത്തവരും ആയിത്തീരുന്നു.
നസ്യം പ്രധാനമായും രണ്ട് വിധമുണ്ട് ; മർശ നസ്യം, പ്രതിമർശ നസ്യം.
മർശ നസ്യം എന്നത് നെറ്റി, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിൽ എണ്ണതേച്ച്, ഈ ഭാഗങ്ങൾ വിയർപ്പിച്ച ശേഷം കൂടുതൽ അളവിൽ ഔഷധം പ്രയോഗിക്കുന്നതാണ്. ശരിയായ പഥ്യാനുഷ്ഠാനങ്ങളോടുകൂടിയും, രോഗത്തിന് ചികിത്സയായും മാത്രം ചെയ്യുന്നതാണ് മർശ നസ്യം. ഒരു ചികിത്സകന്റെ മേൽനോട്ടത്തിൽ മാത്രമേ മർശ നസ്യം ചെയ്യാൻ പാടുള്ളൂ.
മുൻ ക്രിയകളൊന്നുമില്ലാതെ നേരിട്ട് 2-5 തുള്ളി ഔഷധം ഒഴിക്കുന്നതാണ് പ്രതിമർശ നസ്യം. ഇത് ഔഷധദ്രവ്യങ്ങൾ ഉപയോഗിച്ച് രോഗത്തിനുചികിത്സയായും, വെറും എള്ളെണ്ണ ഉപയോഗിച്ച് രോഗമില്ലാത്തവർക്ക് ദിനചര്യയുടെ ഭാഗമായും ചെയ്യാം.
ഏഴു വയസ്സിൽ താഴെയുള്ളവർക്കും, 80 വയസ്സിനു മുകളിലുള്ളവർക്കും മർശനസ്യം ചെയ്യാൻ പാടില്ല. പ്രതിമർശ നസ്യം ഏതു പ്രായത്തിലും ചെയ്യാം. പഥ്യനിഷ്ഠകളൊന്നും തന്നെയില്ല.
പല്ലിളക്കത്തിന് എള്ളരച്ചുകലക്കിയ വെള്ളം
ദിനചര്യയിൽ നസ്യത്തിനുശേഷം ഗണ്ഡൂഷമാണ് പറയുന്നത്.
ഗണ്ഡൂഷം എന്നാൽ കവിൾക്കൊള്ളുക. വായിൽ ഔഷധം നിറച്ച് കുലുക്കാൻ കഴിയാത്തവിധം നിർത്തുന്നതാണ് ഗണ്ഡൂഷം. കഫം ഊറി വന്ന് വായ് നിറയുന്നതു വരെ ഗണ്ഡൂഷത്തെ വായിൽ നിർത്തണം.
കുലുക്കുഴിയാൻ കഴിയുന്ന വിധം ചെറിയ അളവിൽ ഔഷധം നിറച്ചു നിർത്തുന്നതിന് കബളം എന്നു പറയുന്നു.
പതിവായി ഗണ്ഡൂഷധാരണം ചെയ്യുന്നതിന് എള്ളെണ്ണ അല്ലെങ്കിൽ മാംസരസമാണ് പറഞ്ഞിരിക്കുന്നത്.
പല്ലിളക്കത്തിലും, പല്ലുതരിപ്പിലും ചെറുചൂടുള്ളതോ, തണുത്തതോ ആയ എള്ളരച്ചുകലക്കിയ വെള്ളം വായിൽ നിറച്ചുനിർത്തുന്നത് നല്ലതാണ്. നീറ്റലും ചുടിച്ചിലുമുള്ള മോണപഴുപ്പിലും, വായ്ക്കകത്തുണ്ടാകുന്ന മുറിവിലും, വായുടെ അകം പൊള്ളിയതിലും നെയ്യ് അല്ലെങ്കിൽ പാൽ ഗണ്ഡൂഷമായി ധരിക്കേണ്ടതാണ്.
തേൻ കവിൾക്കൊണ്ടാൽ വായ്ക്കകം വൃത്തിയാകും. വായ്ക്കകത്തുണ്ടാകുന്ന മുറിവിനെ ഉണക്കും. ചുടിച്ചിലും ദാഹവും ശമിപ്പിക്കും.
മോണപഴുപ്പിനും, വായിലുണ്ടാകുന്ന എല്ലാത്തരം മുറിവുകൾക്കും ത്രിഫലക്കഷായം കവിൾക്കൊള്ളാവുന്നതാണ്. മുറിവുകൾ വളരെപ്പെട്ടെന്ന് തന്നെ ഉണങ്ങും. കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട് ഇവ മൂന്നും സമം ചേർക്കുന്നതാണ് ത്രിഫല.
അരിക്കാടി കൊണ്ടുള്ള ഗണ്ഡൂഷം രുചിയില്ലായ്ക, വായിലെ അഴുക്ക്, ദുർഗന്ധം ഇവയെ ശമിപ്പിക്കും.
തണുത്ത അരിക്കാടി അല്പം ഉപ്പും ചേർത്ത് ഗണ്ഡൂഷം ചെയ്താൽ വായുണക്കിന് നല്ലതാണ്.
കഫസംബന്ധമായ രോഗമുള്ളവർ ചെറുചൂടുവെള്ളം കവിൾക്കൊള്ളുന്നത് നല്ലതാണ്.
ചെവിയിലും, വായിലും, തൊണ്ടയിലും, കണ്ണിലുമുണ്ടാകുന്ന പല രോഗങ്ങൾക്കും, ജലദോഷത്തിനും അനുയോജ്യമായ ഔഷധം കൊണ്ടുള്ള കബളധാരണം ഒരു ചികിത്സയാണ്. ഓരോ രോഗത്തിനും രോഗത്തിനനുസരിച്ചുള്ള കഷായവും തൈലവും ഗണ്ഡൂഷധാരണത്തിനും, കബള ധാരണത്തിനും പറഞ്ഞിട്ടുണ്ട്.
കൺമഷി വീട്ടിലുണ്ടാക്കാം
സൗവീരാഞ്ജനം എന്നത് അഞ്ജനക്കല്ലാണ്. അതുപയോഗിച്ച് കൺമഷി ഉണ്ടാക്കുന്നതിനുമുമ്പ് ശുദ്ധി ചെയ്യേണ്ടതുണ്ട്. അതിനാൽ പതിവായി കണ്ണിലെഴുതാനായി എളുപ്പത്തിൽ മഷി ഉണ്ടാക്കുന്ന വിധം പറയാം.
വൃത്തിയായി അലക്കിയെടുത്ത വെളുത്തതുണിയെ ഏഴുദിവസം പൂവാംകുരുന്നില നീരിൽ മുക്കി,തണലിലുണക്കിയെടുത്ത്, തിരിയാക്കി, നല്ലെണ്ണയിൽ മുക്കിക്കത്തിക്കുക. എന്നിട്ട് ഓട്ടുപാത്രമോ, മൺചട്ടിയോ മുകളിൽ പിടിച്ച് കരിപിടിപ്പിക്കുക. ഈ കരി ചുരണ്ടിയെടുത്ത്, വൃത്തിയുള്ള പാത്രത്തിലിട്ട്, ആവണക്കെണ്ണയിൽ ചാലിച്ച് സൂക്ഷിച്ചുവച്ചിരുന്നാൽ പതിവായി കണ്ണെഴുതാനെടുക്കാം. ആവണക്കെണ്ണയിൽ ചാലിക്കുന്നതിനൊപ്പം അല്പം പച്ചക്കർപ്പൂരം പൊടിച്ചതുകൂടി ചേർത്തുവരുന്നുണ്ട്. പൂവാംകുറുന്നില സ്വരസത്തിനുപകരം കയ്യോന്നിയില നീര് ഉപയോഗിച്ചും കൺമഷി ഉണ്ടാക്കാവുന്നതാണ്.