വ്യക്തിശുചിത്വത്തിൽ അഭിമാനകരമായ നേട്ടവുമായി നിൽക്കുന്ന കേരളം പരിസര ശുചീകരണത്തിന്റെ കാര്യം വരുമ്പോൾ ഏറെ പിന്നിലാകുന്നു. കേന്ദ്ര സർക്കാരിന്റെ ഏറ്റവും ഒടുവിൽ നടന്ന ശുചിത്വ സർവേ
യിലും മലയാളികൾക്ക് അഭിമാനിക്കാൻ അധികമൊന്നുമില്ല. ശുചിത്വ നില തിട്ടപ്പെടുത്തുന്ന ഘടകങ്ങൾ വച്ചു നോക്കുമ്പോൾ സംസ്ഥാനം ഏറ്റവും പിന്നിലാണു നിൽക്കുന്നത്. മുൻ വർഷങ്ങളിലും സ്ഥിതി ഇങ്ങനെയായിരുന്നു. ആകെ ആശ്വാസം നൽകുന്നത് ചെറു നഗരങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്ത് ആലപ്പുഴ എത്തിയെന്നതാണ്. നൂതനാശയങ്ങളും പ്രവർത്തന മികവുകൊണ്ടും നേടിയതാണ് ഈ ബഹുമതി. നഗര ശുചീകരണത്തിലും മാലിന്യ സംസ്കരണ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലും ആലപ്പുഴ നല്ല മാതൃകയാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇതല്ലായിരുന്നു ആലപ്പുഴയിലെ സ്ഥിതിയെന്ന് ഓർക്കേണ്ടതാണ്. പകർച്ചവ്യാധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടായിരുന്നു ആലപ്പുഴ. ചിക്കുൻഗുനിയ, എലിപ്പനി തുടങ്ങിയ വ്യാധികൾക്ക് കേഴ്‌വികേട്ട നാടായിരുന്നു അത്. സർക്കാരും നഗരസഭയും നടത്തിയ നിരന്തര ശ്രമത്തെത്തുടർന്നാണ് പകർച്ചവ്യാധികളുടെ പിടിയിൽ നിന്ന് ആലപ്പുഴ മോചിതമായത്. മഴക്കാലവും തുടർന്ന് പൊട്ടിപ്പുറപ്പെടാറുള്ള പകർച്ചവ്യാധികളും ഇപ്പോൾ ആലപ്പുഴക്കാർക്ക് പേടിസ്വപ്നമാകാറില്ല
. ലക്ഷ്യബോധത്തോടെ രംഗത്തിറങ്ങി അദ്ധ്വാനിച്ചാൽ ഫലമുണ്ടാകുമെന്നതിനു തെളിവാണ് ആലപ്പുഴയ്ക്ക് ശുചിത്വ സർവേയിൽ ലഭിച്ച ഉയർന്ന റാങ്കിംഗ്.
നൂറിൽ താഴെ നഗരസഭകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഏറ്റവും കീഴറ്റത്ത് പതിനഞ്ചാം സ്ഥാനത്താണു നിൽക്കുന്നത്. സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ നാണക്കേടു തോന്നേണ്ട സന്ദർഭമാണിത്. നാലുവർഷമായി നടക്കുന്ന ശുചിത്വ സർവേയിൽ ഇതുവരെ സംസ്ഥാനത്തിന് ശ്രദ്ധേയമായ ഇടം നേടാൻ കഴിയാത്തത് പഠനമർഹിക്കുന്ന സംഗതിയാണ്. ശുചിത്വത്തിൽ കേരളം ഏറ്റവും പിന്നിൽ നിൽക്കുമ്പോൾ ഒന്നാം സ്ഥാനത്തു വരുന്നത് അത്രയേറെ പുരോഗതിയൊന്നും പ്രാപിക്കാത്ത ജാർഖണ്ഡാണ്. അതിനു തൊട്ടുതാഴെ ഹര്യാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും. നൂറു ശതമാനത്തിനടുത്ത് സാക്ഷരതയും ഉന്നത വിദ്യാഭ്യാസ നിലവാരവുമുള്ള കേരളം ശുചിത്വ വിഷയത്തിൽ നവീന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നില്ലെങ്കിൽ തുടർന്നും അവമതി നേരിടേണ്ടിവരും.
രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന ഖ്യാതി തുടർച്ചയായി നാലാം വർഷവും ഇൻഡോറാണ് നിലനിറുത്തിയത്. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവി മുംബയും തൊട്ടടുത്ത സ്ഥാനത്തുണ്ട്. പത്തുലക്ഷത്തിൽ താഴെയുള്ള നഗരങ്ങളിൽ ആദ്യം 150 സ്ഥാനങ്ങളിൽ കേരളത്തിൽ നിന്ന് ഒരൊറ്റ നഗരവുമില്ല. ഛത്തീസ്‌ഗഢിലെ അംബികപുരമാണ് ഒന്നാം സ്ഥാനത്ത്. മൈസൂരും ന്യൂഡൽഹിയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രാജ്യത്ത് ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പേരുകേട്ടിരുന്ന തിരുവനന്തപുരം നഗരത്തിന് ശുചിത്വ പട്ടികയിൽ 304-ാം സ്ഥാനമേയുള്ളൂ. വാണിജ്യ തലസ്ഥാനമായി അറിയപ്പെടുന്ന കൊച്ചിയുടെ റാങ്ക് 372 ആണ്. പാലക്കാട് (335), കൊല്ലം (352), കോട്ടയം (355), കോഴിക്കോട് (361), തൃശൂർ (366) എന്നീ ചെറിയ നഗരങ്ങൾക്കും അഭിമാനിക്കാൻ അധികമൊന്നുമില്ല. കാൽലക്ഷത്തിലേറെ ജനസംഖ്യയുള്ള ചെറു പട്ടണങ്ങളിൽ ഹരിപ്പാടാണ് അൻപതാം റാങ്കോടെ ശുചിത്വ പട്ടികയിൽ കുറച്ചെങ്കിലും ഉയർന്ന സ്ഥാനം നേടിയത്. മറ്റെല്ലാം പട്ടണങ്ങളുടെയും സ്ഥാനം നൂറിനു മുകളിലാണ്. ഏറ്റവുമധികം ആളുകൾ വന്നുചേരുന്ന ഗുരുവായൂർ ടൗണിന്റെ റാങ്ക് 493 ആണ്.
മാലിന്യ സംസ്കരണ പദ്ധതികൾ, പൊതുവായ ശുചിത്വനില, അഴുക്കുചാൽ പദ്ധതികൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് പട്ടണങ്ങൾക്കും നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും ശുചിത്വ റാങ്ക് നിശ്ചയിച്ചത്. സ്വച്ഛ് ഭാരത് മിഷനാണ് ഇതിനു വേണ്ടിയുള്ള സർവേ നടത്തിയത്. നാലായിരത്തി അഞ്ഞൂറോളം നഗരങ്ങളും പട്ടണങ്ങളും സർവേയ്ക്കു വിധേയമായി. 1.87 കോടി ആളുകളെ നേരിൽ കണ്ട് അഭിപ്രായം രേഖപ്പെടുത്തി. വിപുലമായ ഈ വിവരശേഖരണത്തെ അടിസ്ഥാനമാക്കിയാണ് ഓരോ സ്ഥലത്തിന്റെയും ശുചിത്വനിലവാരം തിട്ടപ്പെടുത്തിയത്.
മാലിന്യ സംസ്കരണ പദ്ധതികൾ വിപുലമായി ഏറ്റെടുത്തുകൊണ്ട് കേരളത്തിനും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാവുന്നതേയുള്ളൂ. എന്നാൽ അതിനായി തുടങ്ങിവച്ച പദ്ധതികൾ പോലും പ്രയോഗതലത്തിലെത്തിക്കാൻ കഴിയുന്നില്ലെന്നതിലാണ് സംസ്ഥാനത്തിന്റെ പരാധീനത. ശാസ്ത്രീയമായ മാലിന്യ സംസ്കരണ പദ്ധതികളില്ലാത്തതിനാൽ സംസ്ഥാനമാകെ വലിയ കുപ്പത്തൊട്ടിയായി മാറിയിരിക്കുന്നു. ചപ്പുചവറുകളും നാനാവിധത്തിലുള്ള മാലിന്യങ്ങളും വെളിമ്പ്രദേശങ്ങളിൽ മാത്രമല്ല പാതവക്കുകളിലും കൂടിക്കിടക്കുന്നു. പേരിനു വേണ്ടിയെങ്കിലും പ്രവർത്തിക്കുന്ന സംസ്കരണ ശാലകളെ മൂടത്തക്ക വിധത്തിലാണ് മാലിന്യങ്ങളുടെ കൂമ്പാരം. പ്രധാന നഗരങ്ങളിൽ അത്യാധുനിക മാലിന്യ സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി സ്തംഭനാവസ്ഥയിലാണ്. ഇത്തരം പ്ലാന്റുകൾക്കെതിരെ ഉയരുന്ന ജനരോഷമാണ് സർക്കാരിനെ പിന്നോട്ടുവലിച്ചത്. വിളപ്പിൽശാലയുടെ ഭീതിദമായ ദുരനുഭവങ്ങളാണ് മാലിന്യ സംസ്കരണ പ്ളാന്റുകളെ നഖശിഖാന്തം എതിർക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ജനങ്ങൾ അനുകൂലമാകുന്നതുവരെ കാത്തിരുന്നാൽ ഒരിക്കലും ഒരിടത്തും പ്ളാന്റ് സ്ഥാപിക്കാനാകില്ലെന്ന് സർക്കാർ മനസിലാക്കണം.
മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ പിടികൂടി ശിക്ഷിക്കാൻ നിയമമുള്ള നാടാണിത്. വല്ലപ്പോഴുമൊരിക്കൽ ചിലരെ പിടികൂടാറുമുണ്ട്. എന്നാൽ എവിടെയും കാണുന്ന മാലിന്യങ്ങൾ നിയമ നടത്തിപ്പിലെ വൻ പരാജയമാണ് ചൂണ്ടിക്കാട്ടുന്നത്. ഇറച്ചിക്കടകളിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങളിലധികവും ഇന്ന് എത്തുന്നത് അതാതിടങ്ങളിലെ ജലസ്രോതസുകളിലാണ്. മലിനമാകാത്ത ഒരൊറ്റ നദിയോ പുഴയോ തോടോ സംസ്ഥാനത്തില്ല. തീരക്കടൽ പോലും വൻതോതിൽ മലിനമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നഗരങ്ങളും പട്ടണങ്ങളും മാത്രമല്ല ഗ്രാമങ്ങളും വെടിപ്പും ശുദ്ധിയും നിലനിറുത്തിയാലേ സംസ്കൃത ചിത്തരുള്ള നാടായി അംഗീകരിക്കുകയുള്ളൂ. സർക്കാരിനു മാത്രമല്ല പൗരന്മാർക്കും ഈ വിഷയത്തിൽ വലിയ ഉത്തരവാദിത്വമാണുള്ളത്. മാതൃകാ പദ്ധതികളുമായി ആദ്യം ഇറങ്ങേണ്ടത് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും തന്നെ. മാലിന്യ സംഭരണത്തിനു എവിടെയും മതിയായ സംവിധാനങ്ങളുണ്ടെങ്കിൽ ആരും തന്നെ അവ അലക്ഷ്യമായി വലിച്ചെറിയുകയില്ല. ഡ്രെയിനേജ് സംവിധാനങ്ങൾ വിപുലമാക്കിയാൽ ജലസ്രോതസുകൾ ശുദ്ധമായി നിലനിറുത്താൻ കഴിയും. ടോയ്‌ലറ്റ് സൗകര്യങ്ങൾ ഓരോ വീടിനും ലഭ്യമാക്കാനും നടപടി വേണം. ഇതിനൊക്കെ ആവശ്യം പോലെ പണവും പദ്ധതിയും ഇപ്പോൾത്തന്നെ ഉള്ളതാണ്. നടത്തിപ്പിലെ അഴിമതിയും കാലതാമസവുമൊക്കെയാണ് പ്രശ്നം.