വർക്കല: സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കി വരുന്ന ആശ്വാസകിരണം പദ്ധതി അവതാളത്തിലായിട്ട് രണ്ട് വർഷത്തോളം പിന്നിടുന്നു. തികച്ചും നിർദ്ധനരും കിടപ്പ് രോഗികളുടെ പരിചരണത്തിനും മാസംതോറും നൽകിവന്ന സാമ്പത്തിക സഹായ പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി. പദ്ധതിയുടെ പ്രവർത്തനം അവതാളത്തിലായതോടെ തിരുവനന്തപുരം ജില്ലയിൽ എണ്ണായിരത്തോളം നിർദ്ധന കുടുംബങ്ങളാണ് പെരുവഴിയിലായത്. ഓണക്കാലമായതോടെ ഇവരുടെ ചികിത്സാചെലവും ആരും വഹിക്കാത്ത അവസ്ഥയായി.
ഗ്രാമപഞ്ചായത്തുകളിൽ കുടുംബ വാർഷിക വരുമാനം 20,000 രൂപ വരെയും മുനിസിപ്പൽ പ്രദേശങ്ങളിൽ 22,000 രൂപ വരെയും ഉള്ളവർക്കാണ് സഹായം നൽകിയിരുന്നത്. വിധവ, വാർദ്ധക്യ, കർഷകത്തൊഴിലാളി തുടങ്ങി വിവിധ ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർക്കും ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
ഓണത്തിനെങ്കിലും കുടിശ്ശിക ഉൾപ്പെടെയുള്ള സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആശ്വാസകിരണത്തിന്റെ പരിധിയിൽ വരുന്ന ഗുണഭോക്താക്കൾ. ഏറെ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ ആശ്വാസകിരണം പദ്ധതിയുടെ മോണിറ്ററിംഗ് സംവിധാനവും കാര്യക്ഷമമല്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.