മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്തിലെ മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിലെ മാർക്കറ്റിനോട് ചേർന്നുള്ള പൊതുകിണറിന്റെ ചുറ്റുമതിൽ തകർന്നത് അപകടഭീഷണി ഉയർത്തുന്നു. നിരവധിപേരാണ് കിണറ്റിലെ വെള്ളത്തെ ആശ്രയിച്ച് കഴിയുന്നത്. സമീപത്തെ കോളനിയിലുള്ള ജനങ്ങളും ജംഗ്ഷനിലെ വ്യാപാരികളും വെള്ളമെടുക്കുന്നതും ഇതിൽ നിന്നുതന്നെ. കടുത്ത വരൾച്ചയിലും വറ്റാത്ത കിണർ എല്ലാവർക്കും അനുഗ്രഹമാണ്. എന്നാൽ കിണറിന്റെ ആളോടിയും ചുറ്റുമതിലും തകർന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. മറുവശവും ഏതു നിമിഷവും തകരാം. അടിയന്തരമായി ചുറ്റുമതിലും ആളോടിയും പുതുക്കിപ്പണിയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.