sbi

തിരുവനന്തപുരം: കൊവിഡ് കാലത്ത് ഏജന്റുമാരെ വച്ച് വായ്പക്കുടിശിക പിരിച്ചെടുക്കാൻ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ശ്രമം തുടങ്ങി. ഇതിനായി മേൽത്തട്ട് മുതൽ ബ്രാഞ്ച് തലം വരെയുള്ള ഓഫീസർമാർക്ക് ചുമതല നൽകി. ഓരോരുത്തർക്കും കോടികളും ലക്ഷങ്ങളുമാണ് ലക്ഷ്യമായി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് ബാങ്കിന്റെ തലപ്പത്തുള്ള ഉയർന്ന ഉദ്യോഗസ്ഥരാണ് പുതിയ നീക്കത്തിന് പിന്നിൽ. വിദ്യാഭ്യാസ വായ്പയും കാർഷിക വായ്പയുമെടുത്ത് തിരിച്ചടയ്ക്കാൻ കഴിയാത്തവരെയും ചെറുകിട കച്ചവടക്കാരെയുമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. കൊവിഡ് കാലത്ത് പണം തിരിച്ചടയ്ക്കാനുള്ള നിസഹായത പലരും വ്യക്തമാക്കിയെങ്കിലും മുകളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് ബാങ്ക് മാനേജർമാർ ഇടപാടുകാരുടെ വീടുകളിലേക്ക് നിരന്തരം ഫോൺ വിളിക്കുകയും റിക്കവറി ഏജന്റുമാരെ പറ‌ഞ്ഞുവിടുകയുമാണ്. ഇപ്പോൾ ബാങ്ക് ആവശ്യപ്പെടുന്നത് അവർ എഴുതിത്തള്ളിയ വായ്പയാണെന്നാണ് വിവരം. ഒൗക്കി എന്നറിയപ്പെടുന്ന (അഡ്വാൻസ് അണ്ടർ കളക്‌ഷൻ അക്കൗണ്ട്) ഈ തുക തിരിച്ചുകിട്ടിയാൽ ബാങ്കിന്റെ ലാഭം വർദ്ധിക്കും. ഉയർന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം കിട്ടുന്നതിനായി എം.ഡി റാങ്കിംഗ് പ്രക്രിയയിൽ കൂടുതൽ മാർക്ക് കിട്ടാൻ വേണ്ടിയാണ് ഈ കൊവിഡ് കാലത്തും നിർബന്ധിച്ചുള്ള കുടിശിക പിരിവെന്ന് ആരോപണമുണ്ട്.