തിരുവനന്തപുരം: ഒരു ജില്ലയിലെ ഏതു ഭാഗത്തുള്ള വസ്തുവും ആ ജില്ലയിലെ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫീസിൽ പ്രമാണം ചെയ്യാൻ കഴിയുന്ന സംവിധാനം താമസിയാതെ നിലവിൽവരും. കൊവിഡ് കാരണം ഒരു ഓഫീസ് പ്രവർത്തിക്കാതെ വന്നാലും രജിസ്ട്രേഷൻ മുടങ്ങില്ല.
നിലവിലെ രജിസ്ട്രേഷൻ ആക്ട് 28ാം വകുപ്പ് പ്രകാരം അതത് സബ് രജിസ്ട്രാർ ഓഫീസിൽ മാത്രമേ സ്ഥാവര വസ്തുക്കൾ രജിസ്റ്റർ ചെയ്യാൻ കഴിയൂ. വിൽപത്രം, ദത്തെടുപ്പ്, പലവക രജിസ്റ്രർ എന്നിവ ഇഷ്ടമുള്ള ഓഫീസിൽ രജിസ്റ്റർ ചെയ്യാൻ നിലവിലും അനുവാദമുണ്ട്.
ജില്ലാ രജിസ്ട്രാർക്ക് ജില്ലയിലെ ഏത് സബ് ഓഫീസിലെയും രജിസ്ട്രേഷൻ നടത്താൻ അധികാരമുണ്ട്. സംയോജിത സബ് രജിസ്ട്രാർ എന്ന പദവിയുള്ളതുകൊണ്ടാണിത്. ഒരു ഉത്തരവിലൂടെ ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളെയും ഇങ്ങനെ സംയോജിപ്പിക്കാം. നികുതി ,നിയമ വകുപ്പുകളുടെ അംഗീകാരം ലഭിക്കുന്നതോടെ നടപടി പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് 315 സബ് രജിസ്ട്രാർ ഓഫീസുകളുണ്ട്.
നേട്ടങ്ങൾ
സാധാരണക്കാർക്ക് ഇഷ്ടമുള്ള ഓഫീസ് തിരഞ്ഞെടുക്കാം.മികച്ച സേവനം കിട്ടും.
അഴിമതിക്കുള്ള അവസരം കുറയും.
ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാം. നിശ്ചിത എണ്ണം കഴിഞ്ഞാൽ ടോക്കൺ പ്രകാരം അടുത്ത ഓഫീസിലേക്ക് മാറ്രാം.
ഉടൻ നടപ്പിൽ വരും
ജില്ലയ്ക്കുള്ളിൽ ഏത് സബ് രജിസ്ട്രാർ ഓഫീസിലും ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന എനിവേർ രജിസ്ട്രേഷൻ സമ്പ്രദായം ഉടൻ നടപ്പിൽ വരും
-മന്ത്രി ജി.സുധാകരൻ