തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ എതിർപ്പ് മറികടന്ന് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ, ജർമ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും ജർമ്മൻ സർക്കാരിന് 26ശതമാനം ഓഹരിയുമുള്ള എഫ്.എം.ജി കമ്പനിയെ അദാനി ഗ്രൂപ്പ് കൂട്ടുപിടിക്കുന്നു.
വിമാനത്താവളത്തിന്റെ ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവ ഈ കമ്പനിക്ക് ഉപകരാർ നൽകി, വിമാനത്താവള നടത്തിപ്പിൽ തങ്ങൾക്ക് പരിചയമില്ലെന്ന ആക്ഷേപം മറികടക്കാനാണ് അദാനിയുടെ ശ്രമം.
240നഗരങ്ങളിലേക്ക് സർവീസുള്ള, യൂറോപ്പിലെ പഞ്ചനക്ഷത്ര വിമാനത്താവളമായ മ്യൂണിക്കിലെ രണ്ടാം ടെർമിനൽ ലോകോത്തരമാണ്. വിമാനത്താവള നടത്തിപ്പിൽ വിപുലമായ പരിചയമുള്ള ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്കടക്കം തിരുവനന്തപുരത്തുനിന്ന് സർവീസ് തുടങ്ങാം.
സപ്പോർട്ട് എഗ്രിമെന്റ് നൽകില്ല
അതിനിടെ, പാട്ടക്കരാർ ഒപ്പിടാൻ അനിവാര്യമായ സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് അദാനിക്ക് നൽകില്ലെന്ന് സർക്കാർ നിലപാടെടുത്തു. ആഭ്യന്തര ടെർമിനലിൽ ഉൾപ്പെടെ വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി അടക്കം അടിസ്ഥാന സൗകര്യങ്ങൾക്ക് സംസ്ഥാനവുമായി അദാനി കരാറുണ്ടാക്കണം. നിയമപോരാട്ടത്തിൽ അദാനി അമ്പതുവർഷത്തേക്കുള്ള പാട്ടക്കരാർ നേടിയാലും ഈ കരാർ ഒപ്പിടേണ്ടെന്നാണ് സർക്കാർ തീരുമാനം. വിമാനത്താവളത്തിലെ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിലൂടെയാണ് വൈദ്യുതി ഉറപ്പാക്കുന്നത്. കാർഗോ കോംപ്ലക്സ് എയർപോർട്ട് അതോറിട്ടി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് കൈമാറിയിരിക്കുകയാണ്. തുടർനടപടികളുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
ആകെ 628.70 ഏക്കർ
വിമാനത്താവളം 628.70 ഏക്കറിലാണ്. 2006ൽ അന്താരാഷ്ട്ര ടെർമിനലിനായി 100കുടുംബങ്ങളെ ഒഴിപ്പിച്ച് 35ഏക്കറും 2010ൽ 18ഏക്കറും കൈമാറി. ഇപ്പോൾ 18.30 ഏക്കർ ഏറ്റെടുക്കുന്നുണ്ട്. 258.06 ഏക്കർ പുറമ്പോക്കാണ്. എയർപോർട്ട് അതോറിട്ടി കഴിഞ്ഞവർഷം വരെ ഭൂനികുതി അടച്ചത് 57ഏക്കറിനാണ്. സ്റ്റേഹർജികളുടെ വാദത്തിൽ ഇത് നിർണായകമാവും.
എഫ്.എം.ജി കമ്പനി
75രാജ്യങ്ങളിലെ 254നഗരങ്ങളിലേക്ക് 4.17ലക്ഷം സർവീസുകൾ നടത്തുന്ന മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാർ. വർഷം 4.8കോടി യാത്രക്കാർ. ലോകറാങ്കിംഗിൽ ഏഴാമതാണ്. ജർമ്മൻ സർക്കാരിന് 26%, ബവാരിയ സംസ്ഥാനത്തിന് 51%, മ്യൂണിക്ക് സ്റ്റേറ്റ് ക്യാപിറ്റലിന് 23% ഓഹരി.
വിദേശപങ്കാളി
ഡൽഹി വിമാനത്താവളം സ്വകാര്യവത്കരിച്ചപ്പോൾ മുൻപരിചയമുള്ള വിദേശപങ്കാളി നിർബന്ധമായിരുന്നു. മലേഷ്യൻ, ഫ്രാങ്ക്‌ഫർട്ട് വിമാനത്താവളങ്ങളെ പങ്കാളിയാക്കിയാണ് ജി.എം.ആർ ഗ്രൂപ്പ് കരാർ നേടിയത്.
വിമാനത്താവളം ഏറ്റെടുക്കാൻ സർക്കാർ രൂപീകരിച്ച ടിയാൽ കമ്പനിയിൽ പങ്കാളിയാവാൻ ജർമ്മനിയിലെ ഫ്രാങ്ക്‌ഫുർട്ട് എയർപോർട്ട് താത്പര്യമറിയിച്ചിരുന്നു. അവിടത്തെ ഫ്രാപോർട്ട് എയർപോർട്ട് സർവീസസ് കമ്പനിയാണ് വന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സിംഗപ്പൂർ കമ്പനിയായ സാറ്റ്‌സിനാണ്. എയർഇന്ത്യയുടെ പങ്കാളിയാണ് സാറ്റ്സ്.