chennithala

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകിയത് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനമെന്ന വാർത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാർത്ത ശരിയാണെങ്കിൽ സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് പറയേണ്ടി വരും.

അദാനിയുമായി ബന്ധമുള്ള സിറിൽ അമർചന്ദ് മണ്ഡൽദാസ് എന്ന നിയമസ്ഥാപനത്തോടാണ് സർക്കാർ ഉപദേശം തേടിയതെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്.
വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സർക്കാരിനൊപ്പമാണ് പ്രതിപക്ഷമുണ്ടായിരുന്നത്. ഇപ്പോഴത്തെ വാർത്തയനുസരിച്ച് സർക്കാരിന് ഇതിൽ ഗൂഢലക്ഷ്യങ്ങളാണുള്ളതെന്ന് പറയേണ്ടിവരും. 24ന് നിയമസഭയിൽ പ്രമേയം വരുന്നതിന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. അദാനിയുമായി അടുപ്പമുള്ള സ്ഥാപനത്തിൽ നിന്ന് നിയമോപദേശം സ്വീകരിച്ചതിലൂടെ ലേലത്തിനായി സർക്കാർ സമർപ്പിച്ച രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടെന്ന് സംശയിക്കേണ്ടി വരുമെന്നും ചെന്നിത്തല ആരോപിച്ചു.