covid

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചത് നാലുപേർക്ക് മാത്രം. ഇതര ജില്ലകളിലും പഞ്ചായത്തുകളിലും മത്സ്യക്കച്ചവടത്തിനു പോകുന്ന 142 പേരുടെ പരിശോധനയാണ് നടത്തിയത്. രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഇവർക്ക് ഈ രേഖ ഉപയോഗിച്ച് ഒരാഴ്ചവരെ മത്സ്യക്കച്ചവടത്തിന് പോകാം.

മത്സ്യക്കച്ചവടത്തിന് പോകാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പലയിടത്തും സ്ത്രീകൾ റോഡ് ഉപരോധിച്ചിരുന്നു. ആർ.ഡി.ഒയും ജനപ്രതിനിധികളും ഇടവക വികാരിമാരും പൊലീസും നടത്തിയ ചർച്ചയിലാണ് പരിശോധന നടത്തി നെഗറ്രീവാണെന്ന് കണ്ടെത്തിയവർക്ക് മത്സ്യവിപണത്തിനു പോകാം എന്ന തീരുമാനത്തിലെത്തിയത്. അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിൽ 68 പേരെ പരിശോധിച്ചതിലും മാമ്പള്ളി സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ 74 പേരെ പരിശോധിച്ചതിലും രണ്ടു പേർക്കുവീതം രോഗമുള്ളതായി കണ്ടെത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 75 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ല.

അഞ്ചുതെങ്ങ് നെടുങ്ങണ്ട കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് 13 പേരും കഠിനംകുളത്തുനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഒരാൾ വീതവും രോഗമുക്തരായി. ഡോ.രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ ഡോ. മഹേഷ്, ഡോ. നീന, ഡോ. നീതു എന്നിവരാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ചയും പരിശോധന തുടരും. എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിലൂടെ അഞ്ചുതെങ്ങിൽ രോഗ വ്യാപനം കുറയ്ക്കാൻ സാധിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.