നെടുമങ്ങാട്: സംസ്ഥാന കൃഷിവകുപ്പ് ഒരുക്കിയ ആദ്യ വഴിയോര പ്രദർശന വിപണന ചന്തയ്ക്ക് ആനാട് ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പ് ടീം നേതൃത്വം നൽകി. കവടിയാറിൽ നടന്ന ചന്തയിൽ പാൽ, പഴം, മുട്ട, പച്ചക്കറികൾ, തേങ്ങ, വെളിച്ചെണ്ണ, നല്ലരി, തേൻ ,മരച്ചീനി തുടങ്ങിയ ഉല്പന്നങ്ങൾ വില്പനയ്‌ക്കെത്തി. കൃഷി വകുപ്പ് ഡയറക്ടർ ഡോ.കെ. വാസുകി പങ്കെടുത്തു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയനും ചേർന്ന് ജൈവ പച്ചക്കറി സമ്മാനിച്ചു. പ്രിൻസിപ്പൽ അഗ്രിക്കൽച്ചറൽ ഓഫീസർ ജോർജ് അലക്സാണ്ടർ നേതൃത്വം നൽകി. ആനാട് കൃഷി ഓഫീസർ എസ്.ജയകുമാർ, ഇക്കോഷോപ്പ് പ്രസിഡന്റ് ആനാട് ആൽബർട്ട്, സെക്രട്ടറി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. 3 മണിക്കൂറിലധികം നീണ്ട ചന്തയിൽ നൂറിലധികം പേർ ഉല്പന്നങ്ങൾ വാങ്ങാൻ എത്തി. കേരളമാകെ വഴിയോര ചന്തകൾ സംഘടിപ്പിച്ച് കർഷകർക്ക് മികച്ച വില ഉറപ്പാക്കുമെന്ന് ഡയറക്ടർ പറഞ്ഞു.