വിതുര: തൊളിക്കോട് ഗവൺമെന്റ് പി.എച്ച് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ഇനിയും അകലെ. സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും ഇൻപേഷ്യന്റ് വിഭാഗം തുടങ്ങാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മലയോര മേഖലയിലെ ആദിവാസി സമൂഹത്തിന്റെയും പ്രദേശവാസികളുടെയും അത്താണിയായ ഈ ആതുരാലയത്തിന് നിരത്താനുള്ളത് ഇല്ലായ്മയുടെയും വല്ലായ്മയുടെയും കഥകളാണ്. ഇവിടെയെത്തുന്ന രോഗികളിൽ കിടത്തി ചികിത്സ ആവശ്യമായി വരുന്നവർ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. നാല്പതോളം കിടക്കകളുള്ള ആശുപത്രിക്കാണ് ഈ ദുർഗതി. തൊളിക്കോട് പി.എച്ച്.സിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യവുമായി ഇനി കയറാൻ വാതിലുകളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ 10 കിടക്കകളുള്ള ഐ.പി കെട്ടിടവും 30 കിടക്കളുള്ള ഐ.പി ബ്ളോക്കും ആശുപത്രിക്കുണ്ട്. തൊളിക്കോട് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുമെന്ന് ഉദ്ഘാടനവേളയിൽ മന്ത്രി പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അര നൂറ്റാണ്ട് കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. മാറി മാറി വരുന്ന സർക്കാരുകൾ ഈ ആശുപത്രിക്ക് നേരെ കണ്ണടയ്ക്കുകയാണെന്നാണ് പ്രദേശവാസികളുടെ വാദം. തൊളിക്കോട് ആശുപത്രിയിൽ ഇൻ പേഷ്യന്റ് വിഭാഗം ആരംഭിക്കണമെന്ന ആവശ്യത്തെ ചൊല്ലി നിരവധി സമരങ്ങളും അരങ്ങേറിയിട്ടുണ്ട്.
പ്രവർത്തനം ആരംഭിച്ചിട്ട് 50 വർഷം
1970ലാണ് തൊളിക്കോട്ടെ ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. 1973ൽ തൊളിക്കോട് ഒസ്സൻബീവി നൽകിയ സ്ഥലത്താണ് ആശുപത്രി നിർമിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്ത് ഇടപെട്ട് കെട്ടിടം പണിഞ്ഞു നൽകി. ആദ്യഘട്ടത്തിൽ 10 കിടക്കകളാണ് ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് ആരോഗ്യവകുപ്പ് 30 കിടക്കകളോടുകൂടി ആധുനികരീതിയിലുള്ള പുതിയ കെട്ടിടം പണിഞ്ഞു. തൊളിക്കോട് മുസ്ലീം ജമാ അത്ത് മറ്റൊരു കെട്ടിടം കൂടി പണിഞ്ഞ് നൽകി. അൽ-റിഫ ചാരിറ്റബിൾ ട്രസ്റ്റ് കിടക്കകളും ഉപകരണങ്ങളും നൽകിയതോടെ സൗകര്യങ്ങൾ പൂർത്തിയായെങ്കിലും കിടത്തിച്ചികിത്സ ആരംഭിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷം ചികിത്സയില്ലാത്തതിനാൽ രോഗികൾ വിതുര ഗവ.താലൂക്ക് ആശുപത്രിയെയോ നെടുമങ്ങാട് ജില്ലാ ആശുപത്രിയെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.