തിരുവനന്തപുരം: ഓൺലൈൻ ക്ലാസിൽ ആദ്യ ടേമിലെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തിട്ടും അടുത്ത ടേമിലേക്കുള്ള പുസ്തകം ലഭ്യമാക്കാത്തത് കുട്ടികളെ ആശങ്കപ്പെടുത്തുന്നു. ചില വിഷയങ്ങളിൽ ക്ളാസ് അടുത്തതിലേക്ക് കടക്കുകയും ചെയ്തു. ആദ്യ ടേമിലെ പാഠപുസ്തകങ്ങൾ മാത്രമാണ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ വിതരണം ചെയ്തിരുന്നത്.
പാഠഭാഗങ്ങൾ ഒരുപാടുള്ള പുസ്തകങ്ങളാണ് രണ്ടോ മൂന്നോ ഭാഗങ്ങളായി നൽകാറുള്ളത്. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം പാഠപുസ്തങ്ങൾ ഇത്തരത്തിലാണ് നൽകുക.
ആദ്യ പുസ്തകത്തിലെ പാഠഭാഗങ്ങൾ തീരുന്നതിന് മുൻപ് അടുത്ത ടേം പുസ്തകങ്ങൾ മുൻ വർഷങ്ങളിൽ എത്തിച്ചിരുന്നു. ഇത്തവണ ഇക്കാര്യത്തിൽ നടപടികളൊന്നുമായിട്ടില്ല. ക്ലാസ് തുടങ്ങി നാളുകൾക്കു ശേഷമാണ് ഇത്തവണ ആദ്യഘട്ട പാഠപുസ്തകങ്ങളിൽ ചിലത് വിതരണം ചെയ്തത്.
എട്ടാം ക്ലാസുകാരുടെ സോഷ്യൽ സയൻസിന്റെ ആദ്യ ടേമിൽ നാല് പാഠഭാഗങ്ങളാണുള്ളത്. ഇത് പൂർത്തിയായി അഞ്ചാം പാഠത്തിലേക്ക് ക്ലാസ് കടന്നു.
പുസ്തകങ്ങൾ വൈകുന്നത്ത് വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു. എത്രയും പെട്ടന്ന് പുസ്തകങ്ങളെത്തിക്കണമെന്നാണ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.
രണ്ടാം ടേമിലെ പാഠപുസ്തകങ്ങളുടെ വിതരണം ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുൻപ് പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തും. കുട്ടികൾക്ക് എല്ലാ പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് കോപ്പിയും വെബ്സൈറ്റിൽ ലഭ്യമാണ്. ആവശ്യമെങ്കിൽ ഇത് ഡൗൺലോഡ് ചെയ്തെടുക്കാം. ഓണാവധി സമയത്ത് ക്ലാസുകളെല്ലാം പുനഃസംപ്രേഷണം ചെയ്യുന്നതിനാൽ പാഠഭാഗങ്ങളൊന്നും കുട്ടികൾക്ക് നഷ്ടമാവില്ല.
- പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ്