pinarayi

ലൈഫ് വീടുകളും വേഗത്തിൽ പൂർത്തിയാക്കും

പ്രതിപക്ഷവും മാദ്ധ്യമങ്ങളും പുകമറ സൃഷ്ടിക്കുന്നു

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും ഡിസംബറോടെ തീർത്ത് ജനങ്ങൾക്ക് മുന്നിലവതരിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് സജ്ജമാകാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇന്നലെ ചീഫ്സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കി വിളിച്ചുചേർത്ത മന്ത്രിമാരുടെ അവലോകനയോഗത്തിലാണ് നിർദ്ദേശം നൽകിയത്. വിവാദങ്ങൾക്ക് നിന്നുകൊടുക്കാതെ വികസനപ്രവർത്തനങ്ങളിലൂടെ ജനങ്ങളിലേക്ക് മന്ത്രിമാർ ഇറങ്ങിച്ചെല്ലണമെന്ന് മുഖ്യമന്ത്രി പറ‍‍ഞ്ഞു.

നൂറു ദിവസത്തിനകവും ആറ് മാസം കൊണ്ടും പൂർത്തിയാകുന്ന പദ്ധതികൾ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാർ നേരത്തേ സമർപ്പിച്ചിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അവലോകനയോഗം ചേർന്നത്.

ലൈഫ് മിഷനിലൂടെ പാവപ്പെട്ടവർക്ക് വീട് നൽകുന്ന പദ്ധതി വേഗത്തിലാക്കി ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാനാവശ്യമായ നടപടികളും ചർച്ച ചെയ്തു. കിഫ്ബിയിലുൾപ്പെടുത്തിയുള്ള വൻകിട പദ്ധതികളും വേഗത്തിലാക്കും.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാദ്ധ്യമങ്ങളും പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ ഇതിന്റെ വസ്തുതകൾ ജനത്തെ ബോദ്ധ്യപ്പെടുത്താനാവണം.

തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബർ അവസാനം നടക്കുമെന്ന കണക്കുകൂട്ടലിൽ,​ നൂറ് ദിവസത്തിനകം നടപ്പാക്കാവുന്ന പരമാവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യണം. കൊവിഡ് പ്രതിരോധനടപടികളുടെ ജില്ലാ ചുമതലയുള്ള മന്ത്രിമാർ അതിനൊപ്പം സ്വന്തം വകുപ്പുകളുടെ പ്രവർത്തനത്തിലും കൂടുതൽ ശ്രദ്ധിക്കണം. കൊവിഡ് ജാഗ്രത ഉറപ്പാക്കാൻ ജില്ലാതലത്തിൽ ആവശ്യമായ ക്രമീകരണം വരുത്തണം.

തദ്ദേശ തിരഞ്ഞെടുപ്പിൽ സംവരണ വാർഡുകളടക്കം മാറുമെന്നതിനാൽ ഇനി അവസരമില്ലെന്ന് കണ്ട് നിലവിലെ ജനപ്രതിനിധികൾ പലരും സന്നദ്ധപ്രവർത്തനത്തിലും മറ്റും അലസത കാട്ടിത്തുടങ്ങിയിട്ടുണ്ട്. ഇതിനെ മറികടക്കാനാവശ്യമായ ഇടപെടലുണ്ടാവണം. യോഗം മൂന്ന് മണിക്കൂർ നേരം നീണ്ടു.

മന്ത്രിമാരുടെ യോഗത്തിന് തൊട്ടുപിന്നാലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി തദ്ദേശവകുപ്പ് ചുമതല വഹിച്ചിരുന്ന ആഭ്യന്തര അഡിഷണൽ ചീഫ്സെക്രട്ടറി ടി.കെ. ജോസ്, തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ് എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തി.

നിയമസഭയിലെടുക്കേണ്ട

തന്ത്രങ്ങൾ ചർച്ച ചെയ്തു

നാളെ നിയമസഭാസമ്മേളനത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമ്പോൾ നേരിടാനാവശ്യമായ തന്ത്രങ്ങളും മന്ത്രിമാരുടെ യോഗത്തിൽ ചർച്ചയായി. വകുപ്പുകൾക്കെതിരെ പ്രതിപക്ഷം ആക്ഷേപങ്ങൾ കൊണ്ടുവരാനിടയുള്ളതിനാൽ കൃത്യമായ ഗൃഹപാഠത്തോടെ ശക്തവും വ്യക്തവുമായ മറുപടി നൽകി വായടപ്പിക്കാനാകണം. ലൈഫ് മിഷനുമായും സ്വർണക്കടത്തുമായുമൊക്കെ ബന്ധപ്പെട്ട് പ്രതിപക്ഷമുയർത്തുന്ന വാദഗതികളെ രേഖകളുടെ പിൻബലത്തിൽ നേരിടാനാണ് തീരുമാനം. മന്ത്രിസഭ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ചമയ്ക്കും.