തിരുവനന്തപുരം: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഇന്നോവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് റാങ്കിംഗിൽ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിക്ക് ദേശീയ അംഗീകാരം. നിരവധി ദേശീയ അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കണ്ടുപിടിത്തങ്ങളുടെയും റിസർച്ച് പ്രോജക്ടുകളുടെയും സ്റ്റാർട്ടപ്പുകളുടെയും അടിസ്ഥാനത്തിലാണ് റാങ്കിംഗിൽ കോളേജിന് ആദ്യ 50നുള്ളിൽ എത്താൻ കഴിഞ്ഞത്. മികച്ച വിജയത്തിനായി പ്രവർത്തിച്ച രാജധാനി എൻജിനിയറിംഗ് കോളേജിലെ സ്റ്റാർട്ടപ്പ് ആൻഡ് ഇന്നവേഷൻ സെല്ലിലെ ഡയറക്ടർ ഡോ.കെ.സി.സി. നായരുടെയും അസോസിയേറ്റ് ഡയറക്ടർ പ്രൊഫ. പ്രശാന്തിന്റെയും നേതൃത്വത്തിലുള്ള അംഗങ്ങളെ കോളേജിൽ ചേർന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി അനുമോദിച്ചു. ചെയർമാൻ ഡോ. ബിജു രമേശ് അദ്ധ്യക്ഷത വഹിച്ചു.