തിരുവനന്തപുരം : ഓണക്കാലത്ത് മഞ്ഞപ്പിത്തം, വയറിളക്കം, ഛർദ്ദി എന്നിവ വ്യാപകമാകാറുള്ളതിനാൽ പ്രത്യേക കരുതൽ വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പോകാതിരിക്കുന്നതാണ് നല്ലത്.
സദ്യയൊരുക്കുന്നവരും കഴിക്കുന്നവരും ഒരുപോലെ ജാഗ്രത പാലിക്കണം. അന്നന്നത്തെ ആവശ്യത്തിനു മാത്രം ഭക്ഷണം തയ്യാറാക്കണം. ആവശ്യത്തിൽ കൂടുതലുണ്ടാക്കി ബാക്കിവരുന്നവ തുടർന്നുള്ള ദിവസങ്ങളിൽ കഴിക്കുന്ന പ്രവണത ഒഴിവാക്കണം.
സദ്യയൊരുക്കുമ്പോൾ
അരി, പച്ചക്കറി എന്നിവ നന്നായി കഴുകി പാചകം ചെയ്യണം
പച്ചക്കറികളിലെ വിഷാംശം കളയാൻ വെള്ളത്തിൽ വിനാഗിരി ഒഴിച്ച് കഴുകാം
പാചകം ചെയ്ത ആഹാരം എപ്പോഴും മൂടി വയ്ക്കണം
വാഴയില വൃത്തിയായി കഴുകിയതിന് ശേഷം മാത്രം സദ്യ വിളമ്പുക
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ
അസുഖം വന്നാൽ
വയറിളക്കം, ഛർദ്ദി എന്നിവയ്ക്ക് ഉപ്പിട്ട കഞ്ഞിവെള്ളം,നാരങ്ങാവെള്ളം എന്നിവ ആദ്യം നൽകാം. തിളപ്പിച്ചാറ്റിയ ഒരു ലിറ്റർ വെള്ളത്തിൽ ആറു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് ആവശ്യാനുസരണം കുടിക്കാൻ കൊടുക്കുക. കുട്ടികൾക്കുണ്ടാകുന്ന വയറിളക്കവും ഛർദ്ദിയും പ്രത്യേകം ശ്രദ്ധിക്കണം. പാനീയ ചികിത്സ കൊണ്ട് കുറവില്ലെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തണം.