അന്ത്യയാത്ര ഒരുക്കാൻ വനിതാ ഹെൽത്ത് ഇൻസ്പെക്ടർമാർ
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കാണാൻ പോലും പലർക്കും ഭയമാണ്. അത് സംസ്കരിക്കുന്ന കാര്യത്തിലാകട്ടെ പലയിടത്തും തർക്കവും. എന്നാൽ യാതൊരു പരിഭവവും ഇല്ലാതെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആചാരപൂർവം സംസ്കരിക്കാൻ തയ്യാറായി തിരുവനന്തപുരം നഗരസഭയിലെ വളയിട്ട കൈകൾ. വിവിധ ആരോഗ്യ സർക്കിളുകളിൽ ജോലി ചെയ്യുന്ന വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എട്ട് സ്ത്രീകളാണ് ഇതിനായി മുന്നിട്ടിറങ്ങുന്നത്. സന്ധ്യ, റാണി, അർച്ചന, സുനിത, മഞ്ജു, വിഷ്ണ, ജിഷ, ഷൈനി പ്രസാദ് എന്നിവരാണ് സധൈര്യം വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ 27 മൃതദേഹങ്ങളാണ് ഇവർ സംസ്കരിച്ചത്. ഏഴുപേരും വിവാഹം കഴിഞ്ഞ് കുട്ടികളുള്ളവരും വീട്ടിൽ പ്രായമായ മാതാപിതാക്കളുള്ളവരുമാണ്. ഇതൊന്നും തങ്ങളുടെ കർമ്മ ഭൂമിയിൽ നിന്ന് ഇവരെ പിന്നോട്ടടിക്കുന്നില്ല. ടീമുകളായി തിരിഞ്ഞാണ് സംസ്കാരത്തിനായി പോകുന്നത്. മൃതദേഹം ചുമക്കാൻ നഗരസഭയിലെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ തൊഴിലാളികളുമുണ്ട്. സംസ്കാരത്തിന് ശേഷം വീടുകളിലെത്തി നിരീക്ഷണത്തിൽ കഴിയും. ആഴ്ചയിൽ കൊവിഡ് ടെസ്റ്രും നടത്തുന്നുണ്ട്. പലരും മാസങ്ങളായി അവധിപോലും എടുത്തിട്ടില്ല. തങ്ങളുടെ ജോലിയാണ് ചെയ്യുന്നതെന്നും മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യുമ്പോൾ ആവേശമുണ്ടെന്നുമാണ് ഇവർ പറയുന്നത്.
സംസ്ഥാനത്തിനാകെ മാതൃക
സംസ്ഥാനത്ത് ആദ്യമായാണ് വനിതകൾ കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം നഗരസഭാ പരിധിയിൽ മരണസംഖ്യയും ഏറെയാണ്. ഇതുവരെ 50 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവരുടെ സംസ്കാരം നടത്തിയത്. കൊവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ നഗരസഭ ജീവനക്കാർ ആദ്യം വിമുഖത കാണിച്ചിരുന്നു. ഈ സമയത്താണ് കൊവിഡ് ബാധിച്ച് മരിച്ച മലയിൻകീഴ് സ്വദേശിയുടെ മൃതദേഹം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവിന്റെയും പ്രോജക്ട് സെക്രട്ടേറിയറ്റ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പ്രസാദിന്റെയും നേതൃത്വത്തിൽ ഏറ്റുവാങ്ങി സംസ്കരിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഒരു വനിത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് മറ്റുള്ളവരും ഈ പ്രവൃത്തിയിൽ പങ്കാളികളാവുകയായിരുന്നു.
.......................................
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിൽ പേടി തോന്നിയിട്ടില്ല. ജോലിയുടെ ഭാഗമാണിത്. എന്റെ സഹപ്രവർത്തകരും ഇത് ഏറ്റെടുത്തതിന് അഭിമാനമുണ്ട്
ഷൈനി പ്രസാദ്, പ്രോജക്ട് സെക്രട്ടേറിയറ്റ്
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
........................................
ഈ ഘട്ടത്തിൽ വനിത ജൂനിയർ ഇൻസ്പെക്ടർമാരുടെ പ്രവർത്തനം പ്രശംസനീയമാണ്. നഗരസഭാ പരിധിയിൽ കൊവിഡ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം.
ഐ.പി. ബിനു, ആരോഗ്യ സ്റ്റാൻഡിംഗ്
കമ്മിറ്റി ചെയർമാൻ