തിരുവനന്തപുരം: സ്റ്റൈപ്പൻഡ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂനിയർ നഴ്സുമാർ നടത്തുന്ന സമരം മുൻകൂട്ടി അറിയിച്ചില്ലെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ വാദം ശരിയല്ലെന്ന് സി.എൻ.എസ് സ്റ്രാഫ് അസോസിയേഷൻ അറിയിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രിയെ രേഖാമൂലം അറിയിച്ചതായി സി.എൻ.എസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ബി.പി. അർജുനും സെക്രട്ടറി ഉജ്വൽ കൃഷ്ണനും പറഞ്ഞു. സമരം ചെയ്യുന്ന നഴ്സുമാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും ഹോസ്റ്രലുകളിൽ നിന്നും ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്നും ഇറക്കിവിടുമെന്നും നഴ്സിംഗ് കൗൺസിൽ അംഗത്വം റദ്ദാക്കുമെന്നും അധികൃതർ ഭീഷണിപ്പെടുത്തുന്നതായി നേതാക്കൾ ആരോപിച്ചു. നഴ്സുമാരുടെ ലൈസൻസ് റദ്ദാക്കാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു.