aug22d

ആറ്റിങ്ങൽ: ബൈക്ക് മോഷണക്കേസിൽ പിടികിട്ടാപ്പുള്ളിയടക്കം രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം ഉമയനല്ലൂർ ആൻസി മൻസിലിൽ ഷൈൻ(34) , മലയിൻകീഴ് തച്ചോട്ട് കാവ് ഗ്രേസ് വീട്ടിൽ രഞ്ജിത്ത്( 43) എന്നിവരാണ് അറസ്റ്റിലായത്. ഇളമ്പ അരുണോദയത്തിൽ ശ്യാം കുമാറിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ് ബൈക്ക് മോഷണംപോയ കേസിലെ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടിച്ച ബൈക്കടക്കം പ്രതികളെ പിടികൂടിയത്.

തലശ്ശേരി പൊലീസ് സ്‌റ്റേഷനിൽ 2011ൽ നടന്ന മോഷണക്കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു രഞ്ജിത്ത്. മോഷണത്തിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. നിലവിൽ കൊല്ലം പൂവറ്റൂർ ഭാഗത്താണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്.ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ വി.വി. ദിപിൻ, സബ് ഇൻസ്പെക്ടർ എസ്. സനൂജ്, പ്രത്യേക അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെക്ടർ ഫിറോസ് ഖാൻ, ബി. ദിലീപ്, ആർ.ബിജു കുമാർ ജോയി, പ്രദീപ്, ബാലു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.