വർക്കല: ശിവഗിരി തൊടുവെ പ്രദേശത്ത് നിന്ന് ചെറുകുന്നം ഭാഗത്തേക്കുള്ള പാലം യാഥാർത്ഥ്യമാകുന്നു. ഇതിലേക്കായി കിഫ്ബി വഴി തുക അനുവദിച്ചു. വി. ജോയി എം.എൽ.എയുടെ നിരന്തര ശ്രമഫലമായാണ് പാലത്തിന് പണം അനുവദിച്ചത്. 140 വർഷം മുമ്പ് ബ്രിട്ടീഷുകാരുടെ കാലത്ത് തൊടുവെ -ചെറുകുന്നം ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനായി ടി.എസ്. കനാലിനു കുറുകെ ഒരു നടപ്പാലം നിർമ്മിച്ചിരുന്നു. കാലപ്പഴക്കത്താൽ നടപ്പാലം ജീർണാവസ്ഥയിലാവുകയായിരുന്നു. പാലം യാഥാർത്ഥ്യമാകുന്നതോടെ ശിവഗിരി തീർത്ഥാടനത്തിന് എത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്ക് വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷനിൽ വളരെ എളുപ്പം എത്തിച്ചേരാനാകും. ഇപ്പോൾ മൂന്ന് കിലോമീറ്റർ ദൂരം അധികം യാത്ര ചെയ്താണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭക്തജനങ്ങൾ ശിവഗിരിയിലെത്തുന്നത്. കൂടാതെ എസ്.എൻ കോളേജിലേക്കും ശിവഗിരി നഴ്സിംഗ് കോളേജിലേക്കും ശിവഗിരി ഹൈസ്കൂൾ, നാരായണ ഗുരുകുലം, കണ്വാശ്രമം,ശിവഗിരി എസ്.എൻ.സീനിയർ സെക്കൻഡറി സ്കൂൾ, മന്നാനിയ അറബിക് കോളേജ്, എം.എ.എം സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കും വളരെവേഗം എത്തിച്ചേരാനാകും. പാലത്തോടൊപ്പം ശിവഗിരി കോളേജ് ഭാഗത്തേക്ക് പോകാൻ തോടിനു കുറുകെ ഒരു ചെറിയ പാലവും ഉണ്ടാകും. പാലത്തിന്റെ സർവേയും സോയിൽ ടെസ്റ്റും ഇതിനകം പൂർത്തീകരിച്ചു.