തിരുവനന്തപുരം: അപ്പന്റെ മുന്നിൽ ഞാനാര് !
ഇത്രയും കാലം സ്വകാര്യമായിരുന്ന അപ്പന്റെ ആരോഗ്യ വിശേഷം സിനിമാതാരം ടൊവിനോ തോമസ് ഒരു ചിത്രത്തിലൂടെ ആരാധകരുമായി പങ്കുവച്ചു.
മസിൽ മാനായി മുന്നിൽ നിൽക്കുന്നത് പിതാവ് തോമസ്. പിന്നിൽ മകൻ ടൊവിനോ.
68 കാരൻ അപ്പൻ മകനെപ്പോലെ ജിമ്മിൽ പോയല്ല പേശീബലം ആർജ്ജിച്ചത്. പറമ്പിൽ പണിയെടുത്താണ്. ആ മസിലിന് മകന്റെ സർട്ടിഫിക്കറ്റ് ഇങ്ങനെ, വിയർപ്പ് പൊന്നാക്കിയ അപ്പന് മസിൽ വളർന്നപ്പോൾ ഒപ്പം വരുമാനവും ഉണ്ടായി. ആ വരുമാനം കൊണ്ടുള്ള ഭക്ഷണം കഴിച്ചാണ് ഞാൻ വളർന്നത്. അതുകൊണ്ട് എന്റെ മസിലിന്റെ ക്രെഡിറ്റും അപ്പനു തന്നെ.
മൈ ഡാഡ്, ഗൈഡ്, അഡ്വൈസർ, മോട്ടിവേറ്റർ, ഡിസിഷൻ മേക്കർ, ആൻഡ് വർക്ക് ഔട്ട് പാർട്ണർ എന്ന അടിക്കുറിപ്പോടെയാണ് അച്ഛൻ തോമസിനൊപ്പമുള്ള ചിത്രം ടൊവിനോ പോസ്റ്റ് ചെയ്തത്. അച്ഛന്റെ ഇടതു നെഞ്ചിന് മുകളിലെ എക്സ്ട്രാ മസിൽ നാലുവർഷം മുൻപ് ഘടിപ്പിച്ച പേസ്മേക്കറാണെന്നും പറഞ്ഞിട്ടുണ്ട്.
വീട്ടിലൊരുക്കിയ ജിമ്മിൽ കാർഡിയോ വ്യായാമമാണ് തോമസ് ഇപ്പോഴെടുക്കുന്നത്. ജ്യേഷ്ഠൻ ടിങ്‌സ്റ്റണും കസിൻസും വ്യായാമം ചെയ്യും. ട്രെയിനർ അസ്കറാണ് ചിത്രം പകർത്തിയത്.
പത്താം ക്ളാസ് കഴിഞ്ഞതോടെ ജിമ്മിൽ പോയി തുടങ്ങിയ ടൊവിനോ ഇപ്പോഴും എല്ലാ കാര്യങ്ങളും അപ്പനുമായി കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നത്.
'' അപ്പന്റെ അപ്പൻ നല്ലൊരു കർഷകനായിരുന്നു. ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കല്ലേറ്റിൻകരയിലാണ് തറവാട്. വക്കീലാണെങ്കിലും ഇപ്പോഴും കോടതിയിൽ നിന്നുവന്നാൽ അപ്പൻ പറമ്പിലേക്കിറങ്ങും. പഴയതുപോലെ അദ്ധ്വാനിക്കരുതെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ ഫോട്ടോ കണ്ടപ്പോൾ തോമസിന്റെ കമന്റ് ''എന്തിനാടാ... ഇതൊക്കെ പോസ്റ്റ് ചെയ്ത് ആൾക്കാരെ അറിയിക്കുന്നത്...''