നെയ്യാറ്റിൻകര: വാഹന പരിശോധനയുടെ മറവിൽ തൊഴിലാളികളെ പൊലീസ് കള്ളക്കേസിൽ കുടുക്കുന്നതായി പരാതി. പ്രധാനമായും ലോറി, ജെ.സി.ബി, ടിപ്പർ തുടങ്ങിയ വലിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെയാണ് പൊലീസ് പിടികൂടുന്നത്. രാത്രി കാലങ്ങളിൽ മാത്രമേ ലോഡ് കയറ്റിയ വലിയ വാഹനങ്ങൾ നിരത്തിലിറക്കാൻ പാടുള്ളുവെന്ന പൊലീസ് നിർദ്ദേശം നിലനിൽക്കുമ്പോഴും രാത്രിയിലാണ് അധികം പരിശോധനയും നടക്കുന്നത്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ടൗൺ പ്രദേശത്തുനിന്ന് അകാരണമായി ജെ.സി.ബി പിടികൂടി സ്റ്റേഷനിലെത്തിച്ചത് സംഘർഷത്തിന് കാരണമായിരുന്നു. തൊഴിലാളികൾ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. സംഭവം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.