കൊച്ചി: യാക്കോബായ സുറിയാനി സഭയ്ക്ക് ഐക്യദാർഢ്യവുമായി മലങ്കര മാർത്തോമാ സുറിയാനി സഭ. മുളന്തുരുത്തിയിൽ നടന്ന അതിക്രമങ്ങളിൽ മാർത്തോമാ സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്ത ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്തയ്ക്ക് അയച്ച കത്തിലാണ് പിന്തുണ അറിയിച്ചത്.
ഭരണാധികാരികൾ ആരാധനയ്ക്ക് സൗകര്യം ഒരുക്കാതെ ലക്ഷക്കണക്കിന് വിശ്വാസികളെയും കുടുംബങ്ങളെയും തെരുവിലേക്ക് വലിച്ചെറിഞ്ഞത് അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പുരാതനമായ വിശ്വാസവും ആചാരങ്ങളും പാലിക്കാത്ത ഇരുനൂറിൽ താഴെ മാത്രം കുടുംബങ്ങൾക്ക് വേണ്ടി ദൈവാലയം നിർമ്മിച്ച് നൂറ്റാണ്ടുകളായി ആരാധന നടത്തിക്കൊണ്ടിരുന്ന 3000ത്തോളം കുടുംബങ്ങളെയാണ് ബലമായി പള്ളിയിൽ നിന്ന് പുറത്താക്കിയത്. ഇത് ജനാധിപത്യ തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. ഭൂരിപക്ഷം കഷ്ടപ്പെട്ടുണ്ടാക്കിയത് ഒരു ന്യൂനപക്ഷത്തിന് അനുഭവിക്കാൻ വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
ഒരു പതിറ്റാണ്ടോളമായി ഇരു സഭകളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന്റെ ഏറ്റവും ഒടുവില്ലാത്തെ സംഭവമാണ് മുളന്തുരുത്തി പള്ളിയിലെ സർക്കാർ ഇടപ്പെടൽ. എഡി 1200ൽ പണികഴിപ്പിച്ച പള്ളിയുടെ നിയന്ത്രണം യാക്കോബായ വിഭാഗത്തിന്റെ കെെയിലായിരുന്നു. എന്നാൽ 2017 ജൂലായ് മൂന്നിലെ വിധിപ്രകാരം ഉടമസ്ഥാവകാശം എതിർവിഭാഗമായ ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണം. ഈ വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പള്ളിയിൽ സർക്കാർ ഇടപെടൽ ഉണ്ടായത്.