തിരുവനന്തപുരം: ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് തലസ്ഥാനത്ത് ഉപവസിക്കും. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കുന്ന ഉപവാസ സമരം മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വെർച്വലായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിനെതിരെ ആഗസ്റ്റ് 2 മുതൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ നടത്തുന്ന ഉപവാസ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ചാണിത്. കേന്ദ്ര വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പദ്മനാഭൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഉപവാസ സമരം. വൈകിട്ട് നാലിന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വെർച്വൽ റാലി ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
യുവമോർച്ച നേതാക്കളും ഇന്ന് ഉപവസിക്കും
തിരുവനന്തപുരം: സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ, വൈസ് പ്രസിഡന്റ് ജെ.ആർ. അനുരാജ് , ജില്ലാ പ്രസിഡന്റ് ആർ.സജിത് എന്നിവർ ഇന്ന് ഉപവസിക്കും. കെ.സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന ഓഫീസിലും യുവമോർച്ചാ നേതാക്കൾ ജില്ലാ ഓഫീസിലുമാണ് ഉപവസിക്കുക.