തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് സ്വന്തമാക്കാൻ ഗൗതം അദാനി എതിരാളിയായ പാട്ടലേലത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ മകന്റെ ഭാര്യ പാർട്ണറായ നിയമസ്ഥാപനത്തിൽ നിന്ന് തന്നെ നിയമോപദേശം തേടിയത് വിവാദമായി. ഇവർക്ക് 55 ലക്ഷത്തിലധികം രൂപ ഫീസും സർക്കാർ നൽകി. ഇവരുടെ ഉപദേശം ലേലത്തിൽ സർക്കാരിന് തിരിച്ചടിയായെന്നാണ് ആക്ഷേപം.
ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യ പരിധിയുടെ പിതാവ് സിറിൾ ഷ്‌റോഫിന്റെ മുംബയ് ആസ്ഥാനമായ സിറിൾ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപനത്തിന്റെ സഹായമാണ് സർക്കാർ തേടിയത്. 55,39,522 രൂപയാണ് ഫീസ് നൽകിയത്. പരിധി ഈ സ്ഥാപനത്തിന്റെ പാർട്ണറാണ്.
ഒരു യാത്രക്കാരന് 135 രൂപ വച്ച് എയർപോർട്ട് അതോറിട്ടിക്ക് നൽകാമെന്ന ക്വട്ടേഷനാണ് കെ.എസ്.ഐ.ഡി.സിയുമായി ചേർന്ന് സർക്കാർ നൽകിയത്. ഈ തുക നിയമസ്ഥാപനം ഉപദേശിച്ചതാണെന്നാണ് ആരോപണം. അദാനി ഗ്രൂപ്പ് 168 രൂപ ക്വോട്ട് ചെയ്തു. ഏറ്റവും കൂടുതൽ തുക നൽകുന്ന കമ്പനിയെക്കാൾ 10 ശതമാനം താഴെയാണെങ്കിലും സംസ്ഥാനത്തിന് അവസരം നൽകുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിരുന്നു. കേരളത്തിന്റെ തുക അദാനി ഗ്രൂപ്പിനെക്കാൾ 19.64 % കുറവായതിനാൽ ലേലത്തിൽ അദാനി ജയിച്ചു.
ലേലത്തിൽ തോൽക്കാൻ മനഃപൂർവ്വം സർക്കാർ ശ്രമിച്ചെന്ന് കെ.എസ് ശബരിനാഥൻ എം.എൽ.എ കുറ്റപ്പെടുത്തി.
തോറ്റ ലേലത്തിന് 2.36 കോടി
ലേലത്തിന്റെ തയ്യാറെടുപ്പിനായി ആഗോള കൺസൾട്ടൻസി ഗ്രൂപ്പായ കെ.പി.എം.ജിയേയും സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇവർക്ക് 1.57കോടി കൺസൾട്ടൻസി ഫീസ് നൽകി. പരസ്യങ്ങൾക്ക് 5,77,752 രൂപയായി. എയർപോർട്ട് അതോറിറ്റിയുടെ ചെലവ് 7,78,800 രൂപ. ബാങ്ക് ഗാരണ്ടികൾക്ക് കമ്മിഷൻ 7,83,030 രൂപ. മറ്റു ചെലവ് 2,34,135 രൂപ. ലേലത്തിൽ പങ്കെടുക്കാൻ ആകെ മുടക്കിയത് 2.36 കോടി രൂപ.
ടെൻഡർ തുക നിശ്ചയിച്ചത്
ചീഫ്സെക്രട്ടറിയുടെ സമിതിയെന്ന്
ചീഫ് സെക്രട്ടറിയുടെ സമിതിയാണ് ബിഡ് തുകയായി 135 രൂപ നിശ്ചയിച്ചതെന്നും നിയമസഹായം നൽകിയ അമർചന്ദ് മംഗൾ ദാസ് എന്ന സ്ഥാപനത്തിന് ഇതുമായി ബന്ധമില്ലെന്നും കെ.എസ്.ഐ.ഡി.സി വിശദീകരിച്ചു.
കിഫ്ബിയിലും ഉപദേശം
കിഫ്ബി മസാല ബോണ്ട് സമാഹരണത്തിനും സർക്കാരിന് നിയമോപദേശം നൽകിയത് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയാണ്. 10,75,000 രൂപയാണ് ഫീസ്.