അങ്ങനെയൊന്ന് സംഭവിച്ചാൽ എന്റെ പേര് എന്റെ പട്ടിക്കിടും എന്ന് ചില സിനിമകളിൽ ചിലർ വച്ച് കാച്ചാറുണ്ട്. അത് എന്റെ പട്ടിക്ക് വേണം എന്ന് മറ്റൊരു ഡയലോഗ്. അതിനേക്കാൾ അപ്പുറത്ത് മോശമായ മറ്റൊന്നില്ല എന്ന അർത്ഥത്തിലാണ് വീമ്പിളക്കൽ. കേട്ടോളൂ, മോശം കാര്യത്തിന് നായ്ക്കളുടെ പേര് വലിച്ചിഴക്കുന്നത് അന്തക്കാലം. ഇന്തക്കാലത്ത് നായ് ആള് ചില്ലറക്കാരനല്ല, കേമൻ കെങ്കേമൻ. ലോക്ക്ഡൗൺ കാലത്ത് അത് തെളിഞ്ഞു. ഗൾഫിലും ജർമ്മനിയിലും കൊവിഡ് രോഗികളെ കണ്ടെത്തിയതും പെട്ടിമുടിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം മണത്തറിഞ്ഞതും നായയാണ്.
ഒരു കഥ കേട്ടിട്ട് വരാം. ഒരു സ്ത്രീ നായയുമായി ബസിൽ യാത്ര ചെയ്യുകയാണ്. നായയ്ക്ക് ബസിൽ യാത്ര ചെയ്യാൻ അനുവാദമുണ്ടോ? ചോദ്യം എറിഞ്ഞത് മറ്റ് യാത്രക്കാർ. അതിനെ ഇറക്കി വിടണമെന്ന് യാത്രക്കാർ. പറ്റില്ലെന്ന് സ്ത്രീയും. തർക്കമായി, പൂരത്തർക്കം. കണ്ടക്ടർ അന്ധാളിച്ച് നിന്നു. എന്ത് ചെയ്യും? ഇറങ്ങില്ലെന്ന് യാത്രക്കാരി. ഇറങ്ങിയേ പറ്റൂവെന്ന് മറ്റ് യാത്രക്കാർ കഥയുടെ ക്ളൈമാക്സിൽ കെ.എ.അബ്ബാസ് എന്ന പ്രശസ്തനായ എഴുത്തുകാരൻ പറയുന്നു മറ്റ് യാത്രക്കാർക്ക് തടസമില്ലെങ്കിൽ നായയ്ക്ക് യാത്ര നടത്താം. പക്ഷേ, എതിർത്താൽ ബസിൽ നിന്ന് ഔട്ട്. 'ആൾ എബൗട്ട് എ ഡോഗ് "എന്ന ചെറുകഥയിലൂടെ വളരെ രസകരമായാണ് കെ.എ.അബ്ബാസ് നായയുടെ ബസ് യാത്രയെക്കുറിച്ച് പറയുന്നത്. ലോക്ക്ഡൗൺ മനുഷ്യരെ മാത്രമല്ല, നായ്ക്കളെയും ദുരിതത്തിലാക്കി. അതായത് തെരുവ് നായ്ക്കളെ. കടകമ്പോളങ്ങൾ അടഞ്ഞതോടെ തെരുവുകൾ പട്ടിണി കേന്ദ്രങ്ങളായി. ആഹാരം കിട്ടാതെ നായ്ക്കൾ തലങ്ങും വിലങ്ങും ഓടി. ഉത്തർപ്രദേശിലെ നോയിഡയിൽ വിദിത് ശർമ എന്ന 28കാരൻ പട്ടിണിക്കോലങ്ങളായ തെരുവ് നായ്ക്കളുടെ കുര കേട്ടു. ലോക്ക് ഡൗണായതോടെ ജോലി സ്ഥലമായ ഡൽഹിയിൽ നിന്ന് സ്വദേശമായ നോയിഡയിലേക്ക് പോവുകയായിരുന്നു അദ്ദേഹം. ആഹാരമില്ലാതെ ഓടുന്ന നായ്ക്കളുടെ ദുരിതം ഈ യുവാവിന്റെ കരളലിയിച്ചു. വണ്ടി നിറുത്തി, കിട്ടാവുന്ന ആഹാരം വാങ്ങി നൽകി. വീട്ടിലെത്തിയശേഷവും ലോക്ക് ഡൗണിൽ ഇളവ് വരുത്തിയപ്പോൾ ജോലി സ്ഥലത്ത് തിരിച്ചെത്തിയ ശേഷവും നായ്ക്കളുടെ വിശപ്പ് വിദിത് ശർമ മറന്നില്ല. ദിവസവും 700 നായ്ക്കൾക്കാണ് ഇപ്പോൾ ഭക്ഷണം കൊടുക്കുന്നത്. ദിവസം രണ്ട് തവണ. ഭക്ഷണമൊരുക്കാനായി ഒരു ദിവസം വേണ്ടി വരുന്നത് 100 കിലോഗ്രാം അരി. സോയാബീനും മുട്ടയും ചോറിൽ ചേർത്ത് നൽകുന്നു. ഒപ്പം റൊട്ടിയും പാലും.
ജർമ്മനിയിൽ കൊവിഡ് രോഗികളെ കണ്ടെത്താൻ നായ്ക്കൾ തന്നെയിറങ്ങി. ജർമ്മൻ വെറ്ററിനറി സർവകലാശാലയാണ് ഇത് പരീക്ഷിച്ചത്. ജർമ്മൻ സായുധ സേനയിലെ എട്ട് നായ്ക്കൾക്ക് ഒരാഴ്ച പരിശീലനം നൽകിയായിരുന്നു പരിശോധന. 1000 പേരെ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോൾ അതിൽ 94 ശതമാനം പേരും കൊവിഡ് രോഗികളാണെന്ന് കണ്ടെത്തിയെന്നാണ് ഹാനോവറിലെ വെറ്ററിനറി സർവകലാശാല വ്യക്തമാക്കിയത്. കൊവിഡ് ബാധിതരുടേത് ഉൾപ്പെടെയുള്ള ആയിരം പേരുടെ ഉമിനീരാണ് മണംപിടിക്കാൻ നായ്ക്കൾക്ക് നൽകിയത്. ഒരു കൂട്ടം സാംപിളുകളിൽ നിന്ന് കൊവിഡ് ബാധിതരെ നായ്ക്കൾ കൃത്യമായി തിരിച്ചറിഞ്ഞതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് രോഗിയുടെ മെറ്റബോളിസം തികച്ചും വ്യത്യസ്തമാണെന്നും മൃഗങ്ങൾക്ക് ഈ വ്യത്യാസം ഗന്ധത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. മനുഷ്യരുടേതിനേക്കാൾ 1,000 മടങ്ങ് ശക്തമാണ് നായ്ക്കളുടെ ഘ്രാണ ശക്തി. വിമാനത്താവളങ്ങൾ, ബോർഡർ ക്രോസിംഗുകൾ, സ്റ്റേഡിയങ്ങൾ, മറ്റ് തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് രോഗികളെ എളുപ്പത്തിൽ കണ്ടെത്താൻ നായ്ക്കളെയാണ് ഇറക്കിയത്. യു.എ.ഇയിലും കൊവിഡ് രോഗികളെ കണ്ടെത്താനായി ഇറക്കിയത് പ്രത്യേക പരിശീലനം നൽകിയ പൊലീസ് നായ്ക്കളെയാണ്. നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തിയപ്പോൾ ഏകദേശം 92 ശതമാനം ഫലം കൃത്യമായി അറിയാനായി എന്നാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയത്.
പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ നിന്ന് കളികൂട്ടുകാരി ധനുഷ്കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായ പൊഴിച്ചത് സ്നേഹബന്ധത്തിന്റെ കണ്ണുനീരാണ്. അതുകണ്ട എത്രയോ പേരുടെ കണ്ണുകളാണ് നിറഞ്ഞത്. നായയ്ക്ക് കൊടുത്താൽ അത് വാലാട്ടുകയെങ്കിലും ചെയ്യുമെന്ന പഴമൊഴിയുടെ ആഴമായിരുന്നു ആ കണ്ണുനീർ. കളിക്കൂട്ടുകാരിയെ കാണാതായപ്പോൾ കുവി ദുരന്ത ഭൂമിയിൽ കണ്ണും നട്ടിരുന്നു, വരുമെന്ന പ്രതീക്ഷയിൽ. കാണാതായപ്പോൾ കുവി അവളെ തേടിയിറങ്ങി. രക്ഷാപ്രവർത്തകർ തോറ്റിടത്ത് കുവി കളിക്കൂട്ടുകാരിയുടെ ഗന്ധം തിരിച്ചറിഞ്ഞ് ജയിച്ചു. അത് വല്ലാത്തൊരനുഭവമായിരുന്നു.
ഒറ്റപ്പെട്ടുപോയ ആ നായയെ പൊലീസിന്റെ ഇടുക്കി ഡോഗ് സ്ക്വാഡിലെടുത്തു. കളിക്കൂട്ടുകാരി പോയ വേദനയിൽ തളർന്നുറങ്ങിയ കുവിയുടെ ചിത്രം ജനശ്രദ്ധയാകർഷിച്ചത് സ്നേഹത്തിന്റെ ഊഷ്മളതകൊണ്ടാണ്. അങ്ങനെ കുവി കാക്കിയുടെ കാവൽക്കാരനായി മാറി. ആത്മാർത്ഥതയും വിശ്വാസവുമാണ് കുവി കാട്ടിയത്. അത് തന്നെയാണ് കുവിയെ പൊലീസ് സേനയുടെ ഭാഗമാക്കിയത്. ഡോഗ് സ്ക്വാഡിന്റെ പുതിയ തട്ടകത്തിലേക്ക് പോയപ്പോൾ സ്നേഹാർദ്രമായ യാത്രയയപ്പാണ് നാട്ടുകാർ കുവിക്ക് നൽകിയത്.
'എവരി ഡോഗ് ഹാസ് എ ഡേ' എന്ന പ്രശസ്ത ചൊല്ല് അറിയാത്തവരാരും കാണില്ല. അത് തന്നെയാണ് കുവിക്കും സംഭവിച്ചത്.