തിരുവനന്തപുരം : സ്‌റ്റൈപെൻഡ് വർദ്ധന ആവശ്യപ്പെട്ട് ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ ഡ്യൂട്ടിയിൽ നിന്നു വിട്ട് സമരം ചെയ്യുന്ന നഴ്സിംഗ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. നഴ്‌സിംഗ് കൗൺസിൽ അംഗത്വം റദ്ദാക്കി എല്ലാവരെയും അറസ്റ്റ് ചെയ്യിക്കുമെന്നും ഹോസ്റ്റലുകളിൽ നിന്നും ക്വാറന്റൈൻ സെന്ററുകളിൽ നിന്നും ഇറക്കിവിടുമെന്നുമുള്ള ഭീഷണിയാണ് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്നതെന്ന് സി.എൻ.എസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത നഴ്‌സുമാരുടെ ലൈസൻസ് റദ്ദാക്കാൻ ശ്രമിച്ചാൽ അതിനെ നിയമപരമായി നേരിടുമെന്ന് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി.
വിദ്യാർത്ഥികളിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള 10 പേർക്ക് പുറമേ ഇന്നലെ രണ്ടു പേർ കൂടി പോസിറ്റീവായി. അവരുമായി സമ്പർക്കത്തിൽ വന്നവരെ ടെസ്റ്റ് ചെയ്യുന്നതിനും ക്വാറന്റൈൻ നൽകുന്നതിനും പകരം പ്രതികാര നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് അസോസിയേൻ തീരുമാനമെന്ന് സെക്രട്ടറി ഉജ്വൽ കൃഷ്ണ അറിയിച്ചു.