തിരുവനന്തപുരം: അത്തം പിറന്നതോടെ കൊവിഡ് പശ്ചാത്തലത്തിൽ ജാഗ്രതയുടെ ഓണക്കാലത്തിന് തുടക്കമായി. പതിവിൽ നിന്ന് വ്യത്യസ്തമായി 'സോപ്പിട്ട്, മാസ്കിട്ട്, ഗ്യാപ്പിട്ടാണ് ' ഇത്തവണത്തെ ഓണം. നിയന്ത്രണങ്ങളുടെ നടുവിലാണെങ്കിലും പൊന്നോണത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് തലസ്ഥാനവാസികൾ.
നാട്ടുപൂക്കളുടെ നിറവിലാണ് ഓണാഘോഷം ആരംഭിച്ചത്. തൊടിയിലെയും മുറ്റത്തെയും പൂക്കളുമായി വീടുകളിൽ പൂക്കളമൊരുങ്ങി. വ്യാപാരസ്ഥാപനങ്ങളിൽ ഓണത്തോടനുബന്ധിച്ചുള്ള തിരക്കും ആരംഭിച്ചു. നിരവധി ഓഫറുകളാണ് എല്ലാ മേഖലകളും ഇത്തവണ ഒരുക്കിയിരിക്കുന്നത്. വിവിധ ക്ലബുകളുടെയും സാംസ്കാരിക കേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ ഓൺലൈനായി അത്തം മുതൽ തിരുവോണം വരെ സംഘടിപ്പിക്കുന്ന പരിപാടികളും ആരംഭിച്ചു.സാംസ്കാരിക വകുപ്പും സൗത്ത് സോൺ കൾച്ചറൽ സെന്ററും ഭാരത് ഭവനും സംയുക്തമായി അത്തം മുതൽ തിരുവോണം വരെ 'മാവേലി മലയാളം' എന്ന പേരിൽ ഒരുക്കുന്ന ഓൺലൈൻ സാംസ്കാരിക ദൃശ്യവിരുന്നിന് ഇന്നലെ തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഗോത്ര നാടോടി, ക്ലാസിക്കൽ കലാരൂപങ്ങളുടെ അവതരണം നടന്നു. രാജസ്ഥാനിലെ കൽബെറിയ, ചക്രി നൃത്തങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തി. ഇന്ന് രാത്രി ഏഴിന് ഓണക്കവിതകളുടെ അവതരണവും ഓണസ്മൃതികളും. തുടർന്ന് പഞ്ചാബിന്റെ ലൂഡി നൃത്തം അരങ്ങേറും.
പായസമധുരം ഇത്തവണയും മുടങ്ങില്ല
പായസമില്ലാത്ത ഓണം എന്തോണമാണ്... ഓണക്കാലമായാൽ പായസമേള നിർബന്ധമാണ് തലസ്ഥാനത്തിന്. കൊവിഡ് പശ്ചാത്തലത്തിൽ പല മേളകളും ഇല്ലാതായെങ്കിലും കെ.ടി.ഡി.സിയുടെ പായസമേള ഇക്കുറിയും മുടങ്ങിയിട്ടില്ല. മസ്കറ്റ് ഹോട്ടലിൽ മേള ഇന്നലെ ആരംഭിച്ചു. 31വരെ ആവശ്യക്കാർക്ക് ഇഷ്ടപ്പെട്ട പായസം ഇനി വീട്ടിലെത്തും.
പായസം ഓൺലൈനായും വാങ്ങാനാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇതിനായി സൊമാറ്റോ, സ്വിഗി തുടങ്ങിയ ഭക്ഷണവിതരണ കമ്പനികളുമായി ധാരണയായിട്ടുണ്ട്. വ്യത്യസ്തമായ 12 ഇനം പായസം മേളയിൽ ഒരുങ്ങിയിട്ടുണ്ട്. ഇക്കുറി നാല് ഇനം പായസമടങ്ങിയ കോമ്പോ ഓഫറും കെ.ടി.ഡി.സി നൽകുന്നുണ്ട്. അര ലിറ്റർ മെയിൻ പായസത്തിനൊപ്പം 250 മില്ലി ലിറ്റർ വീതം മൂന്ന് സ്പെഷ്യൽ പായസങ്ങളുമുടങ്ങിയതാണ് ഓഫർ. 399 രൂപയ്ക്ക് ഇവ ലഭിക്കും. കൂടെ 100 ഗ്രാം വീതം ഏത്തയ്ക്ക് ചിപ്സും ശർക്കര വരട്ടിയുമുണ്ടാകും. ഏത് പായസങ്ങൾ വേണമെന്ന് വാങ്ങുന്നയാൾക്ക് തീരുമാനിക്കാം. ആദ്യമായാണ് കോമ്പോ ഓഫറുകൾ, ശർക്കര വരട്ടി, ചിപ്സ് എന്നിവ കെ.ടി.ഡി.സിയുടെ പായസമേളയിൽ അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 8 വരെ പായസം വാങ്ങാം.
ഇവ താരങ്ങൾ
01. അടപ്രഥമൻ,
02. പാൽപായസം,
03. നവരസ പായസം
04. പാലട
05. കടല പായസം
06.കാരറ്റ് പായസം
07.പൈനാപ്പിൾ പായസം
08.പരിപ്പ് പായസം
09. പഴം പായസം
10.ചേന പായസം
11. മാമ്പഴ പായസം
12.ഗോതമ്പ് പായസം
ലിറ്ററിന് വില: 299 രൂപ
അര ലിറ്ററിന്: 160 രൂപ