life-mission

കേന്ദ്രം അതൃപ്തി അറിയിക്കും

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിന് കേന്ദ്രാനുമതി തേടാതെ ഇരുപതു കോടി രൂപ വിദേശ സഹായം വാങ്ങിയതിന്റെ മുഴുവൻ രേഖകളും ഹാജരാക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടേറേറ്റ് (ഇ.ഡി) ചീഫ്സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് നിർദ്ദേശം നൽകി.

ഇടപാടിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയുണ്ടോ, ആരൊക്കെയാണ് അനുമതി നൽകിയത്, എല്ലാ യോഗങ്ങളുടെയും മിനുട്ട്സ്, നിയമോപദേശം, ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള നി‌ർമ്മാണ കരാറുകൾ അടക്കം ഹാജരാക്കണം. ഇ.ഡി നോട്ടീസ് നൽകിയതിനു പിന്നാലെ തദ്ദേശവകുപ്പ് സെക്രട്ടറി ശാരദാ മുരളീധരൻ, ലൈഫ്‌ മിഷൻ സി.ഇ.ഒ യു.വി.ജോസ് എന്നിവരെ മുഖ്യമന്ത്രി വിളിച്ചുവരുത്തി.

വിദേശസഹായം സ്വീകരിച്ചതിൽ ചട്ടലംഘനം നടത്തുകയും ആ തുകയിൽ നാലേകാൽ കോടി കമ്മിഷൻ തട്ടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്രസർക്കാ‌ർ സംസ്ഥാനത്തെ രേഖാമൂലം അതൃപ്തി അറിയിക്കും. റെഡ് ക്രസന്റിന് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതിയുണ്ടോയെന്നും കരാറൊപ്പിടാനെത്തിയ ഉദ്യോഗസ്ഥർ വിസാച്ചട്ട ലംഘനം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. കരാറൊപ്പിടാനാണ് എത്തുന്നതെന്ന് ഇവരുടെ വിസ അപേക്ഷയിലില്ലെന്നാണ് സൂചന. അന്വേഷണത്തിന് എൻ.ഐ.എയെക്കൂടി ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്. റെഡ് ക്രസന്റുമായി ഒപ്പിട്ട ധാരണാപത്രം യു.വി ജോസ് ഇ.ഡിക്ക് കൈമാറിയിരുന്നു. യോഗത്തിന്റെയടക്കം മിനുട്ട്സില്ലെന്നാണ് ജോസിന്റെ മൊഴി. ഈ സാഹചര്യത്തിലാണ് ചീഫ്സെക്രട്ടറിയിൽ നിന്ന് വിവരങ്ങൾ തേടിയത്.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണമെത്തേണ്ടത്. ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം. എന്നാൽ മ​റ്റു പദ്ധതികളുമായി
സഹകരിക്കുമ്പോൾ കേന്ദ്രാനുമതി വേണം. കോൺസുലേറ്റ് വഴി സ്വകാര്യ കമ്പനിക്ക് കരാർ നൽകി നാലേകാൽ കോടി കമ്മിഷൻ തട്ടാൻ ഗൂഢാലോചന നടത്തിയെന്നാണ് സംശയം. യു.വി. ജോസ്, ധാരണാപത്രം ഒപ്പിട്ട സമയത്തെ ചീഫ്സെക്രട്ടറി ടോംജോസ് എന്നിവരെ ഇ.ഡി ചോദ്യംചെയ്യാനുമിടയുണ്ട്.