niyamasabha

തിരുവനന്തപുരം: സ്വർണ്ണക്കടത്തിനും ലൈഫ് മിഷനിലെ കമ്മിഷൻ ആരോപണത്തിനുമൊപ്പം അദാനിയുടെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പറന്നെത്തിയ പുതിയ വിവാദവും നാളെ ചേരുന്ന കൊവിഡ് കാല നിയമസഭാസമ്മേളനത്തെ ഇളക്കിമറിക്കും.

വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ സർവ്വകക്ഷിയോഗം വിളിച്ച് പ്രതിഷേധം അറിയിച്ച സർക്കാർ ഇതിന്റെ ടെൻഡറിന് നിയമോപദേശം തേടിയത് അദാനിയുടെ പുത്രഭാര്യ പങ്കാളിയായ സ്ഥാപനത്തിൽ നിന്നാണെന്ന പുതിയ വെളിപ്പെടുത്തലാണ് ആന്റി ക്ലൈമാക്സ്. കോൺഗ്രസ് ഇത് ആയുധമാക്കിക്കഴിഞ്ഞു.

സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ച തന്നെയാണ് സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളുമെടുത്ത് പ്രതിപക്ഷം സർക്കാരിനെ ആക്രമിക്കും. ഇതിനെ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന്റെ മറുമരുന്ന് എന്ത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത മന്ത്രിമാരുടെ മൂന്ന് മണിക്കൂർ നീണ്ട അവലോകനയോഗം സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഏത് ആരോപണത്തെയും രേഖകളുടെ പിൻബലത്തിൽ നേരിടാനാണ് നീക്കം.

തിരുവനന്തപുരം വിമാനത്താവളം കൈമാറ്റത്തിനെതിരെ സഭ പ്രമേയം പാസാക്കാനിരിക്കെയാണ് വിവാദം വഴിതിരിഞ്ഞത്. പുതിയ ആക്ഷേപങ്ങൾക്ക് സർക്കാർ നൽകുന്ന വിശദീകരണത്തെ ആശ്രയിച്ചിരിക്കും ഭാവി. കേന്ദ്രതീരുമാനത്തെ അനുകൂലിച്ചതിന് കോൺഗ്രസ് എം.പി ശശി തരൂരിനെ ആക്രമിക്കുന്ന ഭരണപക്ഷത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് പുതിയ 'അദാനിവിവാദം'.

രാവിലെ 9ന് ആരംഭിക്കുന്ന സഭയിൽ ധനകാര്യബിൽ പാസാക്കലാണ് മുഖ്യ അജൻഡയെങ്കിലും രാഷ്ട്രീയ സംഭവങ്ങൾ അതെല്ലാം മാറ്റി മറിച്ചിരിക്കുന്നു. കൊവിഡിനെ പ്രതിരോധിച്ച് അംഗങ്ങളെ സംരക്ഷിക്കാൻ സർവ്വസജ്ജമാണ് നിയമസഭാസെക്രട്ടേറിയറ്റ്. കൊവിഡിനെയും വെല്ലുന്ന രാഷ്ട്രീയവിവാദങ്ങൾ പക്ഷേ സഭയിൽ സൃഷ്ടിക്കാൻ പോകുന്ന കോളിളക്കങ്ങൾ പ്രവചനാതീതമാണ്.