തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിയാൻ റെഡ്ക്രസന്റ് നൽകിയ ആദ്യഗഡു സ്വപ്നയും കൂട്ടരും കമ്മിഷനായി അടിച്ചെടുത്ത് ഡോളറാക്കി മാറ്റി വിദേശത്ത് കടത്തിയെന്ന് ഇ.ഡിയുടെ കണ്ടെത്തൽ.
നിർമ്മാണ കരാർ നേടിയ യൂണിടാക്കിന്റെ കരമന ആക്സിസ് ബാങ്കിലെ അക്കൗണ്ടിലേക്കെത്തിയ 3.2 കോടി രൂപ പിൻവലിച്ച് കോൺസുലേറ്റിലെ ഫിനാൻസ് ഓഫീസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് നൽകിയെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി. ബാങ്ക് മാനേജർ ശേഷാദ്രിയുടെ സഹായത്തോടെയാണ് സ്വപ്നയും സരിത്തും പണം ഡോളറാക്കി മാറ്റിയത്. സരിത്തിന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് 75ലക്ഷം രൂപ പിന്നീട് ട്രാൻസ്ഫർ ചെയ്തു. ഇത് വേറെ പണമാണ്.
ഫ്ലാറ്ര് നിർമ്മാണ കരാർ നൽകാൻ 20 ശതമാനം കമ്മിഷനാണ് സ്വപ്നയും സംഘവും ആവശ്യപ്പെട്ടത്. യൂണിടാക് സമ്മതിച്ച ശേഷമാണ് കരാർ ഉറപ്പിച്ചത്. മുൻകൂറായി നൽകാൻ പണമില്ലെന്ന് അറിയിച്ചപ്പോൾ സ്വപ്നയാണ് ആദ്യഗഡു കമ്മിഷനായി നൽകണമെന്ന നിർദ്ദേശം വച്ചത്. ഈ പണം വിദേശ കറൻസിയാക്കാൻ സഹായിച്ചില്ലെങ്കിൽ അക്കൗണ്ട് പിൻവലിക്കുമെന്നും ഹൈദരാബാദിൽ ആരംഭിക്കാനിരിക്കുന്ന യു.എ.ഇ കോൺസുലേറ്റിന്റെ ഇടപാടുകൾ ബാങ്കിന് നൽകിയില്ലെന്നും മാനേജരെ സ്വപ്ന ഭീഷണിപ്പെടുത്തി.
ആക്സിസ് ബാങ്കിലെ മുൻ ജീവനക്കാരൻ മുഖേന കണ്ണമ്മൂലയിലെ സ്വകാര്യസ്ഥാപനം വഴി കുറേ പണം സ്വപ്ന വിദേശ കറൻസിയാക്കി മാറ്റി. കോൺസുലേറ്റിന് സമീപം മണി എക്‌സ്ചേഞ്ച് സ്ഥാപനം നടത്തുന്ന പ്രവീൺ, മറ്റൊരു ഇടനിലക്കാരൻ അഖിൽ എന്നിവർ വഴിയും പണം ഡോളറാക്കി മാറ്റി. ഇവരെയെല്ലാം ഇ.ഡി ചോദ്യംചെയ്തു.
നയതനത്ര ഉദ്യോഗസ്ഥരുടെ ബാഗിലും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വിദേശ യാത്രകളിലും ഈ പണം സ്വപ്ന കടത്തിയെന്നാണ് സാഹചര്യത്തെളിവുകളിൽ നിന്ന് ഇ.ഡി അനുമാനിക്കുന്നത്. ഇതിനുള്ള തെളിവുകൾ കണ്ടെത്തണം. കോൺസുലേറ്റ് മുൻ അറ്റാഷെ റഷീദും കോഴ വാങ്ങിയ ഫിനാൻസ് മാനേജരായിരുന്ന ഖാലിദും നാടുവിട്ടു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന അബ്ദുള്ള സാദ് അയദി ഹിസാം അൽഖിത്താമിക്ക് കഴിഞ്ഞ ദിവസം അറ്റാഷെയുടെ ചുമതല നൽകിയിട്ടുമുണ്ട്.