തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ കാർ അപകടത്തിലെ ദുരൂഹത നീക്കാൻ ബാലുവിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയെ സി.ബി.ഐ ചോദ്യംചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ പ്രതിയാക്കിയിരുന്നു ഇയാളെ. ബാലുവിന്റെ മരണത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോയെന്ന് കണ്ടെത്താനാണ് സി.ബി.ഐ ശ്രമം. ബാലുവും പ്രകാശനുമായുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കൊല്ലം പള്ളിമുക്കിലെ കടയിൽ ബാലഭാസ്കറും ഡ്രൈവർ അർജുനും ജ്യൂസ് കുടിക്കുന്ന കാമറാ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് പ്രകാശൻ തമ്പി കൈക്കലാക്കി പരിശോധിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നീട് കടയുടമ ഷംനാദ് മൊഴിമാറ്റിയതും ദുരൂഹമാണ്. ബാലഭാസ്കർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ 44 പവൻ ആഭരണങ്ങളുണ്ടായിരുന്നു. കാറിൽനിന്നു കണ്ടെത്തിയ സ്വർണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് തമ്പിയായിരുന്നു. മംഗലപുരം സ്റ്റേഷനിൽ ബാലുവിന്റെ മാനേജരാണെന്ന് പരിചയപ്പെടുത്തി സ്വർണം ഏറ്റുവാങ്ങിയതും തമ്പിയാണ്. ലോക്കറ്റ്, മാല, വള, സ്വർണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. തമ്പിയുടെ വീട്ടിൽ നിന്ന് ഡി.ആർ.ഐ ബാലുവിന്റെ ഒരു ഫോണും പിടിച്ചെടുത്തിരുന്നു.
കടത്തിയത് 200 കിലോയിലേറെ സ്വർണം
പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്ണുവും ചേർന്ന് 200 കിലോയിലേറെ സ്വർണം കടത്തിയതായാണ് ഡി.ആർ.ഐ കണ്ടെത്തൽ. സ്വർണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ തമ്പി പരിചയപ്പെട്ടതു ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണ്. തമ്പി ഏഴു തവണയും വിഷ്ണു 10 തവണയും ദുബായിലേക്കു യാത്ര ചെയ്തിട്ടുണ്ട്. സ്വർണക്കടത്തിലെ കാരിയറായിരുന്നവരും ഇതേദിവസങ്ങളിൽ യാത്ര ചെയ്തു. തമ്പി 60 കിലോയും വിഷ്ണു 150 കിലോയും സ്വർണം കടത്തിയെന്നാണ് നിഗമനം.
പ്രകാശൻ തമ്പിയെ ചോദ്യംചെയ്തത് ഒമ്പതര മണിക്കൂർ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയെ സിബിഐ ചോദ്യം ചെയ്തത് ഒമ്പതര മണിക്കൂർ. രാവിലെ 11ന് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി എട്ടര വരെ നീണ്ടു. നിർണായക വിവരങ്ങൾ ലഭിച്ചതായി സിബിഐ വ്യക്തമാക്കി. പ്രകാശന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണമുണ്ടാവും.