വാറ്റ് നികുതി ആംനസ്റ്റി നവംബർ വരെ
തിരുവനന്തപുരം: പുതിയ കെട്ടിടങ്ങൾക്കുള്ള ഒറ്റത്തവണ നികുതിയിൽ വരുത്തിയ വർദ്ധനയിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ 30% വരെ ഇളവു നൽകാൻ സാദ്ധ്യത. വ്യാപാരികളുടെ വാറ്റ് നികുതി കുടിശികയുടെ ആംനസ്റ്റി പദ്ധതിയിൽ ചേരാനുള്ള തിയതി നവംബർ 30 വരെ നീട്ടാനുമിടയുണ്ട്. നാളെ നിയമസഭയിൽ അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലിൽ ഇതു സംബന്ധിച്ച ഭേദഗതി കൊണ്ടുവരും.
നഗരസഭകളിലും കോർപറേഷനുകളിലും വർദ്ധിപ്പിച്ച കെട്ടിട നികുതി നിരക്കു തുടരും. മുൻകാല പ്രാബല്യത്തോടെ പഞ്ചായത്തുകളിൽ ഇളവു നൽകുമെന്നാണ് സൂചന.
ബാറുടമകളുടെ വിറ്റുവരവ് നികുതി പത്ത് ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമാക്കുമെന്ന സൂചനയുമുണ്ട്. ബിവറേജസ് കോർപറേഷന് അഞ്ച് ശതമാനമാണ് വിറ്റുവരവ് നികുതി. ഇപ്പോൾ, ബിവറേജസ് നിരക്കിൽ ബാറുകളും മദ്യം വിൽക്കുകയാണ്. വാറ്ര് നികുതിക്കെന്ന പോലെ കെ.ജി.എസ്.ടിക്കും നികുതി ആംനസ്റ്റി പ്രഖ്യാപിക്കണമെന്നും ബാറുടമകൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കാരണം ബാറുടമകൾക്കനുകൂലായ തീരുമാനം മാറ്റിവയ്ക്കാനും ആലോചനയുണ്ട്.