തിരുവനന്തപുരം: മറ്റു സർവകലാശാലകളിൽ പിജി പ്രവേശന നടപടി തുടങ്ങിയിട്ടും കേരളയിൽ അവസാന വർഷ ബിരുദ കോഴ്സുകളിലെ മൂല്യനിർണയം ഇനിയും പൂർത്തിയായില്ല. മുൻ സെമസ്റ്റർ പരീക്ഷകളുടെ പുനർമൂല്യനിർണയം വൈകുന്നതാണ് കാരണം. ഈ സാഹചര്യത്തിൽ പൂർത്തിയാക്കിയ വിഷയങ്ങളുടെ റിസൾട്ട് മാത്രം പ്രസിദ്ധീകരിക്കാനാണ് ധാരണ. അങ്ങനെയാവുമ്പോൾ ഫലം തടഞ്ഞുവയ്ക്കപ്പെടുന്നവർക്ക് പിജി പ്രവേശനം നഷ്ടപ്പെടും.
കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ബികോം അവസാന വർഷ പരീക്ഷയിൽ 250 വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. ആദ്യ മൂല്യനിർണയത്തിലെ മാർക്കും പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന മാർക്കും തമ്മിലുള്ള അന്തരം പത്തു ശതമാനത്തിൽ കൂടുതൽ വന്നവരുടെ എണ്ണം ഉയർന്നതാണ് കാരണം. ഇനി മൂന്നാം മൂല്യനിർണയം നടത്തിയേ ഫലം പ്രസിദ്ധീകരിക്കാനാവൂ.
കേരളത്തിനു പുറത്തുള്ള ഓട്ടോണമസ് കോളേജുകളിൽ പിജി പ്രവേശനം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. നേരത്തെ ഡിഗ്രി ഫലം പ്രസിദ്ധീകരിച്ച കണ്ണൂർ കാലിക്കറ്റ്, എംജി സർവ്വകലാശാലകളിൽ പ്രവേശനനടപടികൾ ആരംഭിച്ചു. സർവകലാശാല സിൻഡിക്കേറ്റ് പരീക്ഷാ സമിതിയുടെയും പരീക്ഷ വിഭാഗത്തിന്റെയും കാര്യക്ഷമതയില്ലായ്മയാണ് ഉപരിപഠന സാദ്ധ്യതകൾ തകർക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
വിദൂര വിദ്യാഭ്യാസക്കാരുടെ
മൂല്യ നിർണയം തുടങ്ങിയില്ല
വിദൂര വിദ്യാഭ്യാസത്തിലൂടെ അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയ അയ്യായിരത്തിലധികം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളുടെ മൂല്യ നിർണയം ആരംഭിച്ചിട്ടേയില്ല. അവർക്കും പിജി പ്രവേശനം ഈ വർഷം നഷ്ടമാകുന്ന സ്ഥിതിയാണ്.