തിരുവനന്തപുരം: നഗരത്തിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 15 ഇ ഓട്ടോകളുടെ ഉദ്ഘാടനവും ഫ്ലാഗ് ഒാഫും മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ താക്കോൽ ദാനം നിർവഹിച്ചു. മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പൊതുമേഖലാ സ്ഥാപനമായ കെ.എ.എല്ലിൽ നിന്ന് വാങ്ങിയിട്ടുള്ള ഒരു ഇ ഓട്ടോയുടെ വില. 2.95 ലക്ഷം രൂപയാണ്. വനിതകളാണ് ഇ ഓട്ടോയുടെയും ഗുണഭോക്താക്കൾ. കഴിഞ്ഞ ആഴ്ച വനിതകൾക്കായി ഇ റിക്ഷകൾ കൈമാറിയിരുന്നു. ഗതാഗത വകുപ്പ് സാധാരണ ഓട്ടോകൾക്കായി നിശ്ചയിച്ചിരിക്കുന്ന നിരക്കിന് തുല്യമാണ് ഇ ഓട്ടോ നിരക്കും. സാധാരണ ഓട്ടോയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കുന്നതിന് 2.5 രൂപ മുതൽ 3രൂപ ചെലവാകുമ്പോൾ ഇ ഓട്ടോയുടെ പ്രവർത്തനച്ചെലവ് ഏകദേശം കിലോമീറ്ററിന് 50 പൈസയാണ് . കെ. ആൻസലൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പാളയം രാജൻ, എസ്. പുഷ്‌പലത, വഞ്ചിയൂർ പി. ബാബു, കൗൺസിലർ എസ്. ജയലക്ഷ്മി, സ്മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ,കെ.എ.എൽ ചെയർമാൻ കരമന ഹരി, എം.ഡി.ഷാജഹാൻ എന്നിവർ പങ്കെടുത്തു.
ഇ-ഓട്ടോയുടെ മെച്ചം
സാധാരണ ഓട്ടോയേക്കാൾ മൈലേജ് കൂടുതൽ
ഓട്ടോമേറ്റഡ് ട്രാൻസ്‌മിഷനായതിനാൽ ഓടിക്കാൻ എളുപ്പം
വീടുകളിലോ നഗരത്തിൽ സ്ഥാപിക്കുന്ന ചാർജിംഗ് സ്റ്റേഷനുകളോ ചാർജ് ചെയ്യാം
ഒരുതവണ ചാർജ് ചെയ്താൽ 85 കിലോമീറ്റർ ഓടിക്കാം
വാഹനത്തിന്റെ ബൂട്ടിൽ 200 ലിറ്റർ സ്ഥലം
കയറ്റം കയറുന്നതിൽ ഇ ഓട്ടോകൾക്ക് ഉയർന്ന പവർ,
ഉയർന്ന ടോർക്ക്, സീറ്റ് ബെൽറ്റ്, പോഷ് അപ്‌ഹോൾസറി