തിരുവനന്തപുരം: മീനില്ലാ കൊവിഡ് കാലത്ത്, നല്ല പെടയ്ക്കണ മീൻ കണ്ടാൽ വെറുതേ വിടാൻ പറ്റുമോ? നിയമപാലകരായാലും പച്ചമനുഷ്യരല്ലേ 'പിടിച്ചെടുത്ത്' വീട്ടിൽ കൊണ്ടുപോയി കറിവച്ചു. എന്നാൽ പിന്നീടാണ് ' പണി ' സ്ഥലം മാറ്റത്തിന്റെ രൂപത്തിൽ വന്നത്. അങ്ങനെ മംഗലപുരത്തെ മൂന്ന് എ.എസ്.ഐമാർക്ക് എ.ആർ ക്യാമ്പിലേക്ക് മാറ്റം കിട്ടി. എ.എസ്.ഐമാരായ രാധാകൃഷ്ണൻ, പദ്മകുമാർ, എസ്. ഗോപകുമാർ എന്നിവരെയാണ് പുളിങ്കുടിയിലെ എ.ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. കഠിനംകുളം കായലിൽ നിന്ന് നിരോധനം ലംഘിച്ച് മീൻ പിടിക്കുന്നതായി വിവരം ലഭിച്ചാണ് പൊലീസ് സംഘം എത്തിയത്. വലവീശി പിടിച്ച കരിമീൻ, തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വില്പന നടത്തിയപ്പോൾ ചെറിയൊരു ആൾക്കൂട്ടവും ഉണ്ടായിരുന്നു. എല്ലാവരെയും ഓടിച്ച ശേഷം മീൻ പിടിച്ചെടുത്തു. ഇതിനിടെ ഒരാൾ കായൽ വെട്ടിലേക്ക് എടുത്തുചാടി. ഭയന്ന പൊലീസ് സ്ഥലം വിടുകയായിരുന്നത്രേ. ജീപ്പിൽ കൊണ്ടുപോയ മീനിൽ ഒരു പങ്ക് ഏമാന്മാർ വീട്ടിലെ അടുക്കളയിലേക്ക് മാറ്റിയെന്ന വാർത്ത പരന്നു. വീട്ടിലേക്കു മാത്രമല്ല മറിച്ചു വിറ്റുവെന്നും ആക്ഷേപം ഉയർന്നു. അയ്യേ! നാണക്കേട് എന്ന് നാട്ടുകാർ പറഞ്ഞപ്പോൾ അധികം പബ്ളിസിറ്റി ഉണ്ടാകാതിരിക്കാൻ പൊലീസ് ശ്രദ്ധിച്ചു. എന്നാൽ ഈ ഹൈടെക് യുഗത്തിൽ സീക്രട്ടാക്കൽ ഏശിയില്ല. സംഭവത്തിന്റെ ചിത്രങ്ങൾ മുരുക്കുംപുഴയിലെ ജനകീയ സമിതി പ്രവർത്തകർ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെയും രഹസ്യ വിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തി. ചെമ്പഴന്തിക്കു സമീപം വനിതാ എസ് ഐയും പൊലീസുകാരനും ചേർന്ന് രാത്രി പൊലീസ് ജീപ്പിൽ അലങ്കാരച്ചെടി മോഷ്ടിച്ചു കടത്തിയ സംഭവത്തിനു പിന്നാലെയാണ് പൊലീസിനെ നാണംകെടുത്തിയ ഈ സംഭവം.