ooda

വക്കം: നിലയ്ക്കാമുക്ക് - ആങ്ങാവിള റോഡിലെ ഓടകളിലെ വെള്ളക്കെട്ട് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. പാഴ് വസ്തുക്കളും മണ്ണും കൊണ്ട് നിറഞ്ഞ ഓടകൾ യഥാസമയം വൃത്തിയാക്കാത്തതിനാൽ വക്കം ഗ്രാമ പഞ്ചായത്തിനും, ആരോഗ്യ വിഭാഗത്തിനുമെതിരെ പ്രതിഷേധമുയരുന്നു.

കൊതുകും ദുർഗന്ധവും കാരണം പ്രദേശവാസികൾ ദുരിതത്തിലായി. മഴക്കാലപൂർവ ശുചീകരണം ഇവിടെ പേരിനു മാത്രം. മഴ ആരംഭിച്ചാൽ അടഞ്ഞ ഓടകൾ കാരണം ആങ്ങാവിളയിൽ റോഡിൽ തന്നെ മഴവെള്ളം മൂന്നടി ഉയരുമെന്ന് നാട്ടുകാർ പറഞ്ഞു.

ഓടകളിൽ മലിനജലം കെട്ടിക്കിടക്കുന്നതും പതിവാണ്. മുൻ കാലങ്ങളിൽ ഓടവഴി ഒഴുകിയെത്തുന്ന മലിനജലം പുതിയകാവ് വഴിയുള്ള ഓട വഴി ചെറുകുളത്തിലെത്തുകയും അവിടെ നിന്ന് കായലിലേക്ക് ഒഴുകുകയുമാണ് പതിവ്. എന്നാലിപ്പോൾ ഈ മേഖലകളിൽ പല സ്ഥലങ്ങളിലും ഓടകൾ ഇല്ലാതായി. ചിലയിടങ്ങളിലെ അനധികൃത നിർമ്മാണവും ഇതിന് തടസമായി. അടഞ്ഞ ഓടകൾ യഥാസമയം വൃത്തിയാക്കാത്തതിനാൽ മിക്കയിടങ്ങളിലും വെള്ളക്കെട്ടുകൾ പതിവാണ്. ഓടകൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കാറുണ്ടെങ്കിലും ഓടയിൽ നിന്നുള്ള മാലിന്യങ്ങൾ ഓടയുടെ സമീപത്ത് തന്നെ ഉപേക്ഷിക്കുകയാണ് പതിവ്.

ഇത് വീണ്ടും ഓടകൾ പെട്ടെന്ന് നിറയുന്നതിന് കാരണമാകുന്നു.

ഓടകൾക്ക് മൂടിയില്ലാത്തത് മൂലം ഏറെ ബുദ്ധിമുട്ടാണ് പരിസരവാസികൾക്ക്. യഥാസമയങ്ങളിൽ ഓടകൾ വൃത്തിയാക്കി മൂടിയും സ്ഥാപിച്ചാൽ വെള്ളക്കെട്ടിന് കുറച്ചെങ്കിലും പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.