നെയ്യാറ്റിൻകര: കൊവിഡ് 19യുടെ പശ്ചാത്തലത്തിൽ, കൈത്തറി തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ സമാഹരിക്കുന്നതിന് വേണ്ടി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള കണ്ണൂർ കൈത്തറി സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ " ചൗപൽ ഔട്ട് റീച്ച് " പരിപാടി സംഘടിപ്പിച്ചു. പുന്നമൂട് ശ്രീ ഭഗവതി ഹാൻഡലൂം വീവേഴ്സ്‌ കോപ്പറേറ്റീവ്‌ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ വെച്ച് , കണ്ണൂർ കൈത്തറി സേവാ കേന്ദ്രം അസി. ഡയറക്ടർ എം. രവിചന്ദ്രൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബാലരാമപുരം കൈത്തറി സർക്കിൾ ഇൻസ്പെക്ടർ ശ്രീരഞ്ജിനി വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു. സംഘത്തിലെ വീവിംഗ് മാസ്റ്റർ ആയ എസ്.ബിന്ദുവിന്റെ നേതൃത്വത്തിൽ നെയ്ത്ത് തൊഴിലാളികളായ കുമാർ, രത്നകുമാരി, രഞ്ചുഷ, സിന്ധു റാണി, ബിന്ദു, കമലഭായി തുടങ്ങിയവർ തങ്ങളനുഭവിക്കേണ്ടി വന്ന വിഷമതകളെ കുറിച്ച് വിശദീകരിച്ചു. കണ്ണൂർ കൈത്തറി സേവാ കേന്ദ്രം ടെക്നിക്കൽ സൂപ്രണ്ട് സി. ഗിരിവർമ, മുദ്ര ലോൺ, ജി.ഇ.എം പോർട്ടലിനെക്കുറിച്ച് ക്ലാസെടുത്തു. സംഘം സെക്രട്ടറി എസ്. സന്തോഷ് കുമാർ ,എസ്. രമേശ്, വി. സുധർമൻ , മൂർത്തി തുടങ്ങിയവർ പങ്കെടുത്തു.