gg

നെയ്യാറ്റിൻകര: കാക്കിക്കുള്ളിലെ ഭാരിച്ച ജോലികൾ കഴിഞ്ഞ് വീട്ടിൽ വെറുതെയിരിക്കാതെ മണ്ണിനെ സ്നേഹിച്ച് കൃഷിക്കിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ മറ്റുള്ളവർക്ക് മാതൃകയാകുന്നു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ കെ. ജയപ്രസാദ് എന്ന സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് മണ്ണിൽ പൊന്ന് വിളയിക്കുന്നത്. പൊലീസ് സ്റ്രേഷന് സമീപമുള്ള ക്വാട്ടേഴ്സിൽ ജയപ്രസാദും അമ്മ ലതികകുമാരിയുമാണ് താമസിക്കുന്നത്. ക്വാട്ടേഴ്സിന് താഴെയുള്ള രണ്ട് ഏക്കർ സ്ഥലം വാടകയ്ക്കെടുത്താണ് ജയപ്രസാദ് കൃഷി നടത്തുന്നത്. ഇവിടെ തന്നെ ചെറിയ കുളം നിർമിച്ച് മത്സ്യകൃഷിയും നടത്തുന്നുണ്ട്. ഇവിടെ പ്രധാനമായും വാഴക്കൃഷിയാണ് നടത്തുന്നത് കൂടാതെ ചേമ്പ്,​ ചേന,​ ചീര,​ വെണ്ട,​ വഴുതന,​ കോവൽ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പുലർച്ചെ അഞ്ച് മണിതൊട്ട് ജയപ്രസാദ് കൃഷിപരിപാലനത്തിലേർപ്പെടും രണ്ട് മണിക്കൂറോളം കൃഷിയിടത്തിൽ ചെലവഴിച്ച ശേഷമായിരിക്കും 8 മണിയോടെ ഡ്യൂട്ടിയിൽ പ്രവേശിക്കുക. ഡ്യൂട്ടിയില്ലാത്ത ദിവസം മുഴുവനും കൃഷിയിടത്തിലായിരിക്കും. ആയിരം വാഴകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. റോബസ്റ്റ, രസകദളി, ഏത്തൻ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ജയപ്രസാദിന്റെ അദ്ധ്വാനം കണ്ട് സമീപത്തെ ചില പൊലീസുകാരും ക്വാർട്ടേഴ്സിന്റെ മുറ്റത്ത് കൃഷി ആരംഭിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് ക്വാർട്ടേഴ്സിൽ ഏതാണ്ട് അറുപത്തിനാലോളം കുടുംബങ്ങളാണ് താമസം. ഇവർക്ക് ചിലപ്പോൾ കാശ് വാങ്ങിയും സൗജന്യമായും പച്ചക്കറികൾ നൽകും. ജയപ്രസാദിന്റെ കൃഷിയിടങ്ങൾ സന്ദർശിച്ച മേലുദ്യോഗസ്ഥരുടെയൊക്കെ പ്രശംസ ലഭിക്കുന്നത് കൃഷിയിൽ നിന്നും ലഭിക്കുന്ന ഫലത്തേക്കാൾ വിലയുള്ളതാണെന്ന് ജയപ്രസാദ് പറയുന്നു. ദീപയാണ് ജയപ്രസാദിന്റെ ഭാര്യ പ്ലസ്ടു വിദ്യാർത്ഥിയായ അനന്തുവും എട്ടാം ക്ളാസുകാരൻ ആനന്ദുമാണ് മക്കൾ.