covid-test

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കെ,​ വൈറസിന്റെ നിശബ്ദവ്യാപനം മനസിലാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ ( ഐ.സി.എം.ആർ) സിറോളജിക്കൽ സർവേയുടെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. മേയിൽ നടത്തിയ ആദ്യഘട്ടത്തിൽ 1193 സാമ്പിളുകളിൽ എറണാകുളത്ത് നാലെണ്ണം ഐ.ജി.ജി ( ഇമ്മ്യൂണോ ഗ്ലോബുലിൻ - ജി ആന്റിബോഡി )​ പോസിറ്റീവാണെന്ന് കണ്ടെത്തി. രോഗം വന്നു മാറിയതിന്റെ തെളിവാണ് ഐ.ജി.ജി സാന്നിദ്ധ്യം.

എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഇത്തവണയും സാമ്പിൾ ശേഖരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായതിനാൽ വൈറസ് പലരിലും നിശബ്ദമായി വന്നുപോകാൻ സാദ്ധ്യത കൂടുതലാണ്. ഇത് കണ്ടെത്തുകയാണ് മുഖ്യലക്ഷ്യം. ഇതുവരെ ശ്രദ്ധയിൽപ്പെടാത്ത സമൂഹവ്യാപന മേഖലകളുണ്ടോയെന്നും പരിശോധിക്കും.

ഈ മാസം ആദ്യം രാജ്യത്ത് രണ്ടാംഘട്ട സിറോളജിക്കൽ സർവേ തുടങ്ങിയിരുന്നു. 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലാണ് പഠനം.

സർവേയിൽ കണ്ടെത്തിയ നിശബ്ദവ്യാപനം

@ഡൽഹിയിൽ മൂന്നിലൊന്നു പേർക്കും വൈറസ് ബാധിച്ചു. 29.1% പേരിൽ ഐ.ജി.ജി ആൻറിബോഡി.

@പൂനെയിൽ ഭൂരിഭാഗം പേരും വൈറസ് ബാധിരായി. 51.5 % പേരിൽ ഐ.ജി.ജി ആൻറിബോഡി.

മൂന്നു ദിവസം 1800 സാമ്പിളുകൾ

പാലക്കാട്ട് സാമ്പിൾ ശേഖരണം ഇന്ന് തുടങ്ങും. ചൊവ്വാഴ്‌ച തൃശൂരും ബുധനാഴ്ച എറണാകുളത്തും ഐ.സി.എം.ആർ സംഘം എത്തും. 20 പേരാണ് ‌ സംഘത്തിൽ. ആരോഗ്യ വകുപ്പ് പ്രതിനിധികളെയും ഉൾപ്പെടുത്തി പത്ത് സംഘങ്ങളായി തിരിഞ്ഞ് തിരഞ്ഞെടുത്ത മേഖലകളിൽ ഒരേ സമയം പഠനം നടത്തും. മൂന്നു ജില്ലകളിലായി 1200 മുതൽ 1800 വരെ സാമ്പിൾ ശേഖരിക്കും. മുഴുവൻ സാമ്പിളും ശേഖരിച്ച ശേഷം രക്തത്തിലെ ഐ.ജി.ജി ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്താൻ ക്ലിയ ആന്റിബോഡി പരിശോധന നടത്തും. വൈറസ് ശരീരത്തിൽ സജീവമാണെങ്കിലും വൈറസ് വന്നുകഴിഞ്ഞു 14ദിവസം വരെയുള്ളവരെയും കണ്ടെത്താനാകും.

പരിശോധന ഇങ്ങനെ

ഓരോ ജില്ലയിലും പത്തു സ്ഥലങ്ങൾ കണ്ടെത്തും

ക്രമരഹിതമായി വീടുകൾ തിരഞ്ഞടുക്കും (രോഗികളുമായി ബന്ധമില്ലാത്ത,യാത്രാചരിത്രമില്ലാത്തവർ)

പത്തുവയസിന് മുകളിലുള്ളവരുടെ സാമ്പിൾ ശേഖരിക്കും

ഒരു ജില്ലയിൽ കുറഞ്ഞത് 400 സാമ്പിൾ

'രോഗവ്യാപനം വർദ്ധിച്ചതിനാൽ വൈറസ് ശരീരത്തിൽ അറിയാതെ വന്നുപോകും. അങ്ങനെ പ്രതിരോധ ശേഷി ആർജ്ജിച്ചവരെ കണ്ടെത്തും. സമൂഹവ്യാപന സാദ്ധ്യതകളും പരിശോധിക്കും.'

- ഡോ. വിമിത് വിൽസൺ

ഐ.സി.എം ആർ പഠനസംഘത്തലവൻ