മുടപുരം: വിസ്തൃതിയേറിയ രണ്ടു വില്ലേജിനായി ഒരു ചെറിയ വില്ലേജ് ഓഫീസ് മന്ദിരം. അതിന്റെ ബുദ്ധിമുട്ട് നാട്ടുകാരെയും ജീവനക്കാരെയും വലയ്ക്കുന്നു. കിഴുവിലം വില്ലേജ് ഓഫീസിനാണ് ഈ ദുര്യോഗം.
കിഴുവിലം, കൂന്തള്ളൂർ എന്നീ രണ്ട് വില്ലേജുകളുടെ പ്രവർത്തനം ഈ ചെറിയ വില്ലേജ് ഓഫീസിനുള്ളിനുള്ളിൽ ഒതുക്കുന്നതാണ് പ്രശ്നം. ആറ്റിങ്ങൽ ടൗണിലെ അവനവഞ്ചേരി മുതൽ ചിറയിൻകീഴ് ശ്രീ ചിത്രാ സ്കൂളിന് സമീപത്തെ കരിന്തോകടവ് വരെ വിസ്തൃതിയേറിയതാണ് ഈ രണ്ട് വില്ലേജുകളുടെയും പ്രവർത്തന മേഖല.
അതുകൊണ്ട് തന്നെ ഓൺലൈനായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഒരുദിവസം ശരാശരി 250 പേരെങ്കിലും വിവിധ ആവശ്യങ്ങൾക്കായും സർട്ടിഫിക്കറ്റുകൾക്കായും എവിടെ എത്തുന്നുണ്ട്. ലൈഫ് മിഷൻ പദ്ധതിക്കായി ഏറെപ്പേർ വരുന്നതിനാൽ ഇപ്പോൾ തിരക്ക് വളരെ കൂടുതലാണ്. മൂന്ന് മുറികളും രണ്ട് ഹാളും ചേർന്നതാണ് ഈ വില്ലേജ് ഓഫീസ് മന്ദിരം. എല്ലാം കുടുസ് മുറികളാണ്. കാലപ്പഴക്കത്താൽ തകരാറുകൾ സംഭവിച്ചിട്ടുണ്ട്.
ജീവനക്കാരുടെയും നാട്ടുകാരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കിഴുവിലം വില്ലേജിനായി സൗകര്യങ്ങളോടു കൂടിയ വിശാലമായ പുതിയ സ്മാർട്ട് വില്ലേജ് സ്ഥാപിക്കണമെന്നാണ് ആവശ്യം. എങ്കിലും താത്കാലിക ആശ്വാസത്തിനായി വില്ലേജ് ഓഫീസിന്റെ വരാന്തയിൽ ഗ്രില്ല് ഫിറ്റ് ചെയ്ത് അപേക്ഷകർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കണമെന്നാവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.