വിതുര: ആനയ്‌ക്കും പന്നിക്കും കാട്ടുപോത്തിനും പുറമേ ജനവാസ മേഖലയിൽ കരടികളും കാടിറങ്ങി നാശം വിതയ്ക്കുന്നു. വിതുര പഞ്ചായത്തിലാണ് കരടികൾ കൂടുതൽ ഭീതി പരത്തുന്നത്. വനത്തിൽ ആവശ്യമായ ഭക്ഷണം ലഭിക്കാത്തതിനാലാണ് കരടികൾ നാട്ടിലേക്ക് എത്തിത്തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കരടികൾ കൂടുതലായി നാശം വിതയ്ക്കുന്നത്. ജനവാസമേഖലകളിലേക്ക് ചക്ക തിന്നാനായാണ് ഇവ എത്തുന്നത്. നാട്ടിലിറങ്ങുന്ന കരടികളെ ഓടിക്കാൻ ശ്രമിച്ചാൽ ആക്രമിക്കുക പതിവാണ്. ചക്ക കായ്ക്കുന്ന കാലം കഴിഞ്ഞാൽ കരടികൾ തിരികെ പോകുമെന്നാണ് കരുതുന്നത്. എന്നാൽ ആദിവാസി മേഖലകളുടെ കാര്യം അങ്ങനെയല്ല. ഈ പ്രദേശങ്ങളിലെ ചക്കയും മറ്റ് കൃഷികളും കരടികൾ തിന്ന് തീർത്തു. നിരവധി ആദിവാസികൾ കരടിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കരടി ശല്യത്തെക്കുറിച്ച് പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കരടികളുടെ ശല്യം കാരണം വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്.