photo

വിതുര: വീട് നി‌ർമ്മാണത്തിന് ഈറ്റയില ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്. ആനപ്പാറ നാരകത്തിൻകാല അറവലകരിക്കകം രതീഷ് ഭവനിൽ രതീഷാണ് (29)​ കാലുകൾക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രാവിലെ 10ന് വിതുര ഐസറിന് സമീപം കത്തിപ്പാറ വനത്തിലായിരുന്നു സംഭവം. ബന്ധുവിന്റെ വീട് നിർമ്മാണത്തിന് ഈറ്റയില ശേഖരിക്കാൻ പോയതായിരുന്നു രതീഷ്. ഈറ്റക്കാട്ടിൽ മറഞ്ഞിരുന്ന കരടി ചാടി വീണ് രതീഷിന്റെ രണ്ടുകാലിലും കടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു. ആദിവാസികളാണ് രതീഷിനെ രക്ഷിച്ച് വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.