bjp

തിരുവനന്തപുരം: കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹത്തിനായി ദുരുപയോഗം ചെയ്തതെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ കേസിൽ സംസ്ഥാന ഭരണകൂടം മുഴുവൻ ഉൾപ്പെട്ടതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. എൻ.ഐ.എ കേസ് ഏറ്റെടുത്തില്ലായിരുന്നെങ്കിൽ പൊലീസും സർക്കാരും ചേർന്ന് സത്യം മൂടിവയ്ക്കുമായിരുന്നു. കേരള ജനത ചതിക്കപ്പെട്ടു. ദേശവിരുദ്ധരെ സഹായിക്കുന്നവരാണ് കേരളം ഭരിക്കുന്നത്. ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ സഹായിക്കുന്ന രാജ്യദ്രോഹശക്തികളാണ് ഈ കള്ളക്കടത്തുകൾക്കും പിന്നിൽ.

പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതമാത്രമുള്ള സ്വപ്ന സുരേഷിന് എങ്ങനെയാണ് മന്ത്രിസഭയിലെയും നിയമസഭയിലെയും ഉന്നതരുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചത്? ഇവരെ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ഐ.ടി വകുപ്പിലേക്ക് നിയമിച്ചത് സ്വർണക്കടത്തിന് വേണ്ടിയായിരുന്നെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മറ്റൊരു വകുപ്പിന്റെ ചുമതല കൂടിയുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നു.

യു.ഡി.എഫിലെ ഒമ്പത് മന്ത്രിമാർക്കെതിരെയാണ് അഴിമതി ആരോപണം ഉയർന്നത്.എൽ.ഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ അഴിമതിക്കും ഒത്താശ ചെയ്യുന്നത്.

മതേതരത്വമെന്നാൽ എല്ലാ മതങ്ങളെയും ഒരുപോലെ കാണണമെന്നതാണ്. എന്നാൽ, ഹിന്ദുവിരുദ്ധതയാണ് കേരള സർക്കാരിന്റെ മതേതരത്വം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പോരാടുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും തുറന്നുകാട്ടി കേരള ജനതയ്ക്ക് നീതി ലഭിക്കാനാണ്.ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ പോരാട്ടത്തിന് രാജ്യത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ദേവേന്ദ്ര ഫട്നാവിസ്

പറഞ്ഞു.