തിരുവനന്തപുരം: കൊവിഡ് വ്യാപനവും കടൽക്ഷോഭവും ദുരിതത്തിലാക്കിയ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളെത്തിക്കുന്നതിന് ആവിഷ്‌കരിച്ച തീരത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് പണം സ്വരൂപിക്കാൻ സഹോ ചലഞ്ചൊരുക്കി നഗരസഭ. സാനിറ്റൈസർ ബോട്ടിൽ സൂക്ഷിക്കാൻ തുണി കൊണ്ടുള്ള സാനിറ്റൈസർ ഹോൾഡർ നിർമ്മിച്ച് 25 രൂപയ്‌ക്ക് വിൽക്കുകയും അങ്ങനെ കിട്ടുന്ന പണം 'തീരത്തിനൊരു കൈത്താങ്ങ് ' പദ്ധതിയിലേക്ക് സ്വരൂപിക്കുകയും ചെയ്യുന്നതാണ് ചലഞ്ച്. ചലഞ്ച് ഏറ്റെടുത്ത് നൂറ് സാനിറ്റൈസർ ഹോൾഡർ നിർമ്മിച്ച് വില്പന നടത്തി പണം സ്വരൂപിക്കുന്ന സംഘടനയ്ക്ക് നഗരസഭ അഭിനന്ദന പത്രം നൽകും. ഈ അഭിനന്ദന പത്രം ലഭിക്കുന്നവർ മറ്റൊരു സംഘടനയെ ചലഞ്ച് ചെയ്യുന്ന രീതിയിലുള്ള പ്രചാരണമാണ് ഉദ്ദേശിക്കുന്നത്. മുഴുവൻ സംഘടനകളും ചലഞ്ചിന്റെ ഭാഗമാകണമെന്ന് സാനിറ്റൈസർ ഹോൾഡർ വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്‌ത മേയർ കെ. ശ്രീകുമാർ അഭ്യർത്ഥിച്ചു. ഹോൾഡർ വാങ്ങുന്നവർക്ക് ഭക്ഷ്യ കിറ്റുകളും സംഭാവന ചെയ്യാം. ഗ്രീൻ ആർമി പ്രവർത്തകരായ അഖില എസ്. രാജ്, ഹാഷ്‌മി എന്നിവർ ചേർന്നാണ് ഹോൾഡർ രൂപകല്പന ചെയ്‌തിരിക്കുന്നത്. മാർ ഇവാനിയോസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായ നന്ദയാണ് ചലഞ്ചിന് സഹോ എന്ന പേര് നിർദ്ദേശിച്ചത്. ഇതിന്റെ നിർമ്മാണം പരിചയപ്പെടുത്തുന്ന വീഡിയോ മേയറുടെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. പ്രതിധ്വനി, സി 5, ഇൻഡസ് സൈക്ലിംഗ് എംബസി, നെഹ്‌റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്‌കീം, സിഒ 2, സിഗ്‌നേച്ചർ ഒഫ് നിശാഗന്ധി, കെ.എം.സി.എസ്.യു, ഗ്രീൻ ആർമി എന്നീ സംഘടനകൾ ആദ്യ വർക്ക്‌ഷോപ്പിന്റെ ഭാഗമായി. മജീഷ്യനും ടി.വി അവതാരകനുമായ രാജ് കലേഷ്, ബൈസിക്കിൾ മേയർ പ്രകാശ് പി. ഗോപിനാഥ്, നാഷണൽ സർവീസ് സ്‌കീം മാസ്റ്റർ ട്രെയിനർ ബ്രഹ്മ നായകം മഹാദേവൻ എന്നിവർ പങ്കെടുത്തു.