നെയ്യാറ്റിൻകര: കൊവിഡ് നിയന്ത്രണങ്ങൾ കടുത്തതോടെ അടഞ്ഞ മത്സ്യമാർക്കറ്റുകൾക്ക് പകരമായി പകരം ജില്ലയിലുടനീളം പുഴമീൻ വില്‌കുന്ന ഫിഷ് മാർക്കറ്രുകൾ സജീവമാകുന്നു. തീരദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായതോടെ ജില്ലയിലെ മത്സ്യ ബന്ധനം നിയന്ത്രിച്ചിരുന്നു. മത്സ്യം മലയാളികളുടെ ഇഷ്ട ഭോജ്യമായതിനാലാവും പുഴമീനുകൾക്കും നല്ല രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനുകളുടെ വരവ് നിലച്ചതും ആളുകൾക്ക് പുഴമീനിനോടുള്ള കമ്പം കൂടാനിടയാക്കി. കഴിഞ്ഞ ഒരു മാസത്തിൽ മാത്രം നെയ്യാറ്റിൻകര ടൗണിൽ മാത്രം അര ഡസനിലേറെ പുഴമത്സ്യ വല്പന കേന്ദ്രങ്ങളാണ് തുറന്നത്. കടൽ മത്സ്യത്തിനേക്കാൾ പുഴ മത്സ്യത്തിന്റെ വില അധികമാണെങ്കലും ആവശ്യക്കാരേറെയാണ്. മത്സ്യം വില്ക്കുന്നതോടൊപ്പം തന്നെ മത്സ്യം ഉത്പാദനത്തിനായി പലയിടങ്ങളിലും മത്സ്യ ഉത്പാദന കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. മത്സ്യം വളർത്തുന്നതിനായി ചെറിയ കുളങ്ങൾ സജ്ജീകരിക്കുകയാണ് ഇതിലേക്കായി ആദ്യം ചെയ്യുന്നത്. അഞ്ചടി വീതിയും പത്തടി നീളവുമുള്ള കുളമാണെങ്കിൽ മൂന്നര അടി വെള്ളം ലഭിക്കത്തക്കവിധം താഴ്ച മതി. എത്ര വലിയ കുളമാണെങ്കിലും താഴ്ച അഞ്ചടിയിൽ കൂടുതലാകാൻ പാടില്ല. മത്സ്യങ്ങൾക്ക് ആഴം ആവശ്യമില്ല. ആഴം കൂടുന്തോറും വെള്ളത്തിലെ മർദ്ദം ഉയരും. ഒപ്പം താപനില താഴും. ഇതു രണ്ടും മത്സ്യങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. കുഴി നിർമിച്ച ശേഷം ടാർപ്പോളിൻ ഉപയോഗിച്ച് വെള്ളം നിറച്ചാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. തിലാപ്പിയ മത്സ്യങ്ങൾക്കാണ് അധികവും വളർത്താനായി തിരഞ്ഞെടുക്കുന്നത്. മികച്ച വളർച്ചാനിരക്കും, പ്രതിരോധശേഷിയുമാണ് കർഷകർക്കിടയിൽ ഇവയ്ക്ക് പ്രിയമേറാൻ കാരണം. നാല് മാസം കൊണ്ട് ശരാശരി 500 ഗ്രാം വരെ തൂക്കം വയ്ക്കുമെന്നതും ഇവയുടെ പ്രത്യേകതയാണ്. ശ്രദ്ധയോടെ പരിചരിച്ചാൽ മത്സ്യക്കഷി ആദായകരമാണ്.